കോഴിക്കോട്: ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമൊരുക്കി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുടെ അപൂർവ ശേഖരം. കോഴിക്കോട് നടക്കാവ് സ്വദേശി ലത്തീഫിന്റെ വീട്ടിലാണ് ഗാന്ധിജിയുടെ 750 ലധികം വ്യത്യസ്തങ്ങളായ ചിത്രങ്ങളുള്ളത്. സ്വാതന്ത്ര്യ സമര പോരാട്ട സ്മരണകളെ ഉണർത്തുന്നവയും, ഗാന്ധിജിയുടെ വ്യക്തി ജീവിതത്തിന്റെ ഭാഗമായ ചിത്രങ്ങളും ശേഖരത്തിലുണ്ട്. ഓരോ ചിത്രത്തിനും ഓരോ ചരിത്രമാണ് പറയാനുള്ളത്. മഹാത്മാഗാന്ധിയുടെ ബാല്യകാലം മുതൽ മരണം വരെയുള്ള കഥകൾ അതിൽ പെടും. ലണ്ടനിൽ നിന്നാണ് ലത്തീഫ് ഫോട്ടോകൾ എത്തിച്ചത്.
ഗാന്ധിജിയുടെ കുട്ടിക്കാലം മുതൽ മരണം വരെയുള്ള ചിത്രങ്ങൾ ലത്തീഫിന്റെ കൈവശമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ അറ്റോര്‍ണി ആയി ജോലി ചെയ്യുന്ന സമയത്തേയും അഭിഭാഷകനായിരുന്ന ചെറുപ്പ കാലവും, കസ്തൂർബക്കൊപ്പമുള്ള കാലഘട്ടവുമെല്ലാം അടയാളപ്പെടുത്തുന്ന 750 ഓളം ഫോട്ടോകളാണുള്ളത്. സുഭാഷ് ചന്ദബോസ്, സർദാർ പട്ടേൽ, ജവഹർലാൽ നെഹ്റു, രവീന്ദ്രനാഥ ടോഗോർ, സരോജിനി നായിഡു, ഡോ.രാജേന്ദ്ര പ്രസാദ്, ഇന്ദിരാഗാന്ധി, ചാർളി ചാപ്ളിൻ മുസ്ലീം ലീഗ് സ്ഥാപകന്‍ മുഹമ്മദ് അലി ജിന്ന തുടങ്ങിയവർക്കൊപ്പമുള്ള ഗാന്ധിജിയുടെ ചിത്രങ്ങളും ലത്തീഫ് സൂക്ഷിച്ചിട്ടുണ്ട്.
സമരങ്ങൾ, പ്രസംഗങ്ങൾ, ചർച്ചകൾ, മീറ്റിങ്ങുകൾ തുടങ്ങിയവയുടെ അപൂർവ്വമായ ഫോട്ടോ ശേഖരണത്തിന് എട്ട് വർഷത്തെ പഴക്കമുണ്ട്. പോസ്റ്റ് കാർഡ് സൈസിലുള്ള ഫോട്ടോകൾ ലണ്ടനിൽ നിന്നാണ് എത്തിച്ചത്. യഥാർത്ഥ ഫോട്ടോകൾ ലണ്ടനിലെ മ്യൂസിയത്തിലാണുള്ളത്. ഇവയുടെ കോപ്പികളാണ് ലത്തീഫിന്റെ കൈവശമുള്ളത്. കാലപ്പഴക്കംകൊണ്ട് നശിച്ചു പോകാതിരിക്കാൻ ഫോട്ടോകൾ സ്കാൻ ചെയ്തശേഷം പ്രിന്റ് ചെയ്ത് മറ്റൊരു രൂപത്തിലാക്കിയാണ് സൂക്ഷിച്ചിരിക്കുന്നത്.















