പാരിസ് ഒളിമ്പിക്‌സിൽ വനിതാ ഗുസ്‌തിയിൽ ഫൈനലിന് തൊട്ടുമുൻപ് അയോഗ്യതയാക്കപ്പെട്ട് മെഡൽ നഷ്ടമായ വിനേഷ് ഫോഗട്ട് വലിയൊരു പോരാട്ടമാണ് ഗോദയ്‌ക്ക് പുറത്തും നടത്തിയത്. എന്നാൽ അയോഗ്യയാക്കിയ നടപടി അന്താരാഷ്‌ട്ര കായിക തർക്കപരിഹാര കോടതിയും ശരിവച്ചതോടെ ഒളിമ്പിക്സ് മെഡൽ എന്ന സ്വപ്നവും അകന്നു. ഇതിനൊക്കെ മുൻപേ വിനേഷ് കരിയറും അവസാനിപ്പിച്ചിരുന്നു.
ഹർജി തള്ളി 24 മണിക്കൂർ പിന്നിടുമ്പോഴേക്ക് വിനേഷിന്റെ ആദ്യ പ്രതികരണവുമെത്തി. ഒന്നും പറയാതെ മുഖംപൊത്തി കണ്ണീരടക്കി ഗോദയിൽ കിടക്കുന്ന ഒരു ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ആശ്വാസ വാക്കുകളുമായി നിരവധി പേരെത്തി. സെമിയിൽ ക്യൂബൻ താരത്തെ മലർത്തിയടിച്ച് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ഖ്യാതിയും വിനേഷ് സ്വന്തമാക്കിയിരുന്നു.

50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച വിനേഷ് ഫൈനലിന് തൊട്ടുമുൻപ് നടത്തിയ ഭാരപരിശോധനയിൽ പരാജയപ്പെടുകയായിരുന്നു. 100 ഗ്രാം അധിക ഭാരത്തിൽ അയോഗ്യതയുമെത്തി. ഈ നടപടി റദ്ദാക്കി വെള്ളിമെഡൽ പങ്കിടണമെന്ന ആവശ്യത്തിലാണ് വിനേഷ് കോടതിയെ സമീപിച്ചത്. എന്നാൽ 29-കാരിയുടെ അപ്പീൽ കോടതി തള്ളുകയായിരുന്നു. ഇനി സ്വിസ് കോടതിയിൽ അപ്പീൽ നൽകാമെങ്കിലും വിദൂര സാദ്ധ്യത പോലുമില്ലെന്നാണ് റിപ്പോർട്ടുകൾ.















