ന്യൂഡൽഹി: ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കുവൈറ്റ് അമീര്‍. ഷെയ്ഖ് മിഷ്അൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ആണ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ചത്. രാഷ്‌ട്രപതിക്കും ഇന്ത്യയിലെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും എത്താൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
കിരീടാവകാശി ഷെയ്ഖ് സബ്ഹ ഖാലിദ് അൽ ഹമദ് അൽ സബ്ഹ, പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അബ്ദുല്ല അൽ അഹമദ് അൽ സബ്ഹ എന്നിവരും രാഷ്‌ട്രപതിക്കും ഇന്ത്യയിലെ ജനങ്ങൾക്കും ആശംസകളും ആയുരാരോഗ്യ സൗഖ്യവും നേർന്നു.
ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ സമൂഹത്തിന്റെ വൻ പങ്കാളിത്തത്തോടെയാണ് ആഘോഷങ്ങൾ നടന്നത്.കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക ത്രിവർണ പതാക ഉയർത്തുകയും രാഷ്‌ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസംഗം വായിക്കുകയും ചെയ്തു.













