മുംബൈ: പട്ടിക വർഗ, പട്ടിക ജാതി വിഭാഗങ്ങളുടെയും ആദിവാസി-ഗോത്ര വിഭാഗങ്ങൾ ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങളുടെയും ശരിയായ ജനസംഖ്യാ വിവരങ്ങൾ അറിയുന്നതിന് ജാതി സെൻസസ് അനിവാര്യമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ഇത് കേന്ദ്രത്തിന് പിന്നാക്ക ക്ഷേമ നയങ്ങൾ രൂപീകരിക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടയുള്ള പ്രതിപക്ഷ പാർട്ടികളും ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെടുന്നവരാണെന്നും ബിജെപിയുടെ ഘടക കക്ഷിയായ ജെഡിയുവും വിഷയത്തിൽ അനൂകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അജിത് പവാർ ചൂണ്ടിക്കാട്ടി.
വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് എൻസിപി നേതാവിന്റെ പരാമർശം. “ജാതി സെൻസസ് ഒരു തവണയെങ്കിലും നടത്തണമെന്നാണ് എന്റെ അഭിപ്രായം. പൊതു സെൻസസിനൊപ്പം ഇതും നടപ്പാക്കണം. കാരണം ഓരോ വിഭാഗവും തങ്ങൾക്കായി നയങ്ങൾ (സംവരണം) വേണമെന്ന് ആവശ്യപ്പെടുന്നു. അതിനാൽ കൃത്യമായ കണക്ക് ലഭിക്കുന്നത് നയങ്ങൾ രൂപീകരിക്കുന്നതിന് കേന്ദ്ര സർക്കാരിനെ സഹായിക്കും,” പവാർ പറഞ്ഞു.
പലിശ നിരക്കിൽ – പലിശരഹിതമായി കർഷകർക്ക് വായ്‌പകൾ, പഴയ വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളൽ, സൗജന്യ വൈദുതി നൽകൽ തുടങ്ങി വിവിധ പരിഷ്കരണ നടപടികളിലൂടെ കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് മഹാരാഷ്‌ട്രയിലെ കർഷകരുടെ പ്രശ്നങ്ങളിൽ പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. ഇതുവരെ മൂന്നിലധികം തവണ കാർഷിക വായ്പകളിൽ ഇളവ് അനുവദിച്ചതായും അജിത് പവാർ കൂട്ടിച്ചേർത്തു.















