കൊല്ലം: ആശിർവാദ് സിനിപ്ലക്‌സിന്റെ എട്ടാമത്തെ തീയറ്റർ കൊല്ലം കൊട്ടിയത്ത് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരവും എംഎൽഎയുമായ മുകേഷ് ആണ് തിയറ്റർ ഉദ്ഘാടനം ചെയ്തത്. ഉടൻ പ്രവർത്തനമാരംഭിക്കുന്ന ഡ്രീംസ് മാളിൽ മൂന്ന് സ്‌ക്രീനുകളാണ് ഉളളത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനും തനിക്കും കൊല്ലം ജില്ലയുമായി വലിയ ഹൃദയബന്ധമാണ് ഉള്ളതെന്നും ജില്ലയിൽ തീയറ്റർ തുടക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു. നേരത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെ മോഹൻലാൽ ആശംസ അറിയിച്ചിരുന്നു.
4K ഡോൾബി അറ്റ്‌മോസിൽ, ലേസർ പ്രൊജക്ടർ അടക്കം വലിയ പ്രത്യേകതകളാണ് തീയറ്ററിലുള്ളത്. മലയാളികളായ പ്രേക്ഷകർക്ക് അഭൂതപൂർവ്വമായ സിനിമാ അനുഭവം നൽകാനാണ് ശ്രമമെന്ന് ആശീർവാദ് സിനിമാസ് വ്യക്തമാക്കി. ആശീർവാദിന്റെ തന്നെ കഫറ്റീരിയയും തീയറ്ററിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി പ്രദർശനവും നടന്നു. ഡ്രീംസ് പ്രസിഡൻറ് ഫത്തഹുദ്ദീൻ, മുൻ എംഎൽഎയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോൺ ഉൾപ്പെടെ രാഷ്‌ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.















