കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ട്രെയിനി ഡോക്ടറുടെ മൂന്ന് ബാച്ച്‌മേറ്റുകളെ സിബിഐ ചോദ്യം ചെയ്തെന്ന് റിപ്പോർട്ടുകൾ. ഇവർ സംഭവം നടക്കുമ്പോൾ രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്ന് വൈകിട്ടാണ് സിബിഐ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയത്. മൂന്ന് ട്രെയിനി ഡോക്ടർമാരുൾപ്പെടെ എട്ട് ഡോക്ടർമാരെയും മറ്റ് മെഡിക്കൽ സ്റ്റാഫിനെയും സിബിഐ വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും.
അതേസമയം വ്യാഴാഴ്ച രാവിലെ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം വളഞ്ഞ ഡോക്ടർമാർ പ്രിൻസിപ്പലിനെയും സൂപ്രണ്ടിനെയും കെട്ടിടത്തിൽ നിന്ന് പുറത്തിറക്കിയില്ല. വ്യാഴാഴ്ച പുലർച്ചെ ആശുപത്രി നശിപ്പിച്ച സംഭവത്തിൽ ഇവർ അധികൃതരോട് വിശദീകരണം തേടി.
പ്രതിഷേധത്തിന്റെ മറവിൽ 40-50 പേരടങ്ങുന്ന ഒരു സംഘം ബുധനാഴ്ച അർദ്ധരാത്രി ആശുപത്രി വളപ്പിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമികളെ വിരട്ടിയൊടിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. അക്രമികൾ ആശുപത്രിയിലെ ഉപകരണങ്ങൾ തല്ലിത്തകർത്തിരുന്നു.















