കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധത്തിന് ഇതുവരെ അയവ് വന്നില്ല. അതിനിടെ കൊല്ലപ്പെട്ട ട്രെയിനി വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ മൊഴി സിബിഐ സംഘം വീട്ടിലെത്തി രേഖപ്പെടുത്തി. ആശുപത്രിയിലും പരിശോധന നടത്തി.
വെള്ളിയാഴ്ച പുലർച്ചെയാണ് ആർജി കാർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ പിജി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബവും സഹപ്രവർത്തകരും സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും മമത സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടപെട്ട് അന്വേഷണം സിബിഐക്ക് വിട്ടു.
സംഭവത്തിൽ ആർജി കർ മെഡിക്കൽ കോളേജിലെ 5 ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിലെ ചില ഡോക്ടർമാർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നോ എന്ന സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സിബിഐ ഡോക്ടർമാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം ആയിരത്തോളം വരുന്ന അക്രമിസംഘം ആശുപത്രി അടിച്ചു തകർത്തിരുന്നു.