ടെഹ്‌റാൻ: 2017ന് ശേഷം ഇതാദ്യമായി രാജ്യത്ത് ജൂത കുടിയേറ്റ കേന്ദ്രം നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ. വെസ്റ്റ് ബാങ്കിലാകും ഇത് നിർമ്മിക്കുകയെന്ന് ഇസ്രായേലി സിവിൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. പാലസ്തീൻ നഗരമായ ബെത്‌ലഹേമിന് സമീപം ജെറുസലേമിനോട് ചേർന്ന് 148 ഏക്കർ സ്ഥലത്താകും നഹാൽ ഹെലെറ്റ്‌സ് എന്ന ഈ കുടിയേറ്റ കേന്ദ്രം നിർമ്മിക്കുന്നത്.
അതേസമയം നിർമ്മാണത്തിനുള്ള പെർമിറ്റും, സോണിംഗ് പ്ലാനുകളും ലഭിക്കുന്നത് കാലതാമസമെടുത്തേക്കുമെന്നും അതിനാൽ കുടിയേറ്റ കേന്ദ്രത്തിന്റെ നിർമ്മാണം ഉടൻ സാധ്യമാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മേഖലയിൽ കുടിയേറ്റ കേന്ദ്രം നിർമ്മിക്കുന്നതിനെതിരെ പീസ് നൗ എന്ന സംഘടന രംഗത്തെത്തി. മേഖലയിൽ ഇത്തരമൊരു കേന്ദ്രം നിർമ്മിക്കുന്നത് സുരക്ഷാ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും, സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിയേക്കാമെന്നുമാണ് സംഘടന മുന്നറിയിപ്പ് നൽകുന്നത്.
യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ള പ്രശസ്തമായ അഗ്രികൾച്ചറൽ ടെറസുകൾ ഉൾപ്പെട്ട ബത്തീറിന് സമീപമാണ് ഇതിന്റെ നിർമ്മാണത്തിനായി ഇടം കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഇസ്രായേൽ ധനമന്ത്രി ബെസാലൽ സ്‌മോട്രിച്ച് അറിയിച്ചു. ഇസ്രായേലിനെതിരെയോ ജൂതന്മാർക്കെതിരെയോ ഉള്ള ഒരു നീക്കത്തിനും കുടിയേറ്റ കേന്ദ്രത്തിന്റെ നിർമ്മാണം തടയാനാകില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.