സ്‌റ്റോക്‌ഹോം: സ്വീഡനിൽ എംപോക്‌സിന്റെ ആദ്യ കേസ് സ്ഥിരീകരിച്ചു. എംപോക്‌സിന്റെ ക്ലേഡ് 1 വകഭേദമാണ് സ്വീഡനിൽ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ജേക്കബ് ഫോർസ്മെഡ് അറിയിച്ചു. എംപോക്‌സിന്റെ അതീവ ഗുരുതര വകഭേദമാണിത്. ആഫ്രിക്കയ്‌ക്ക് പുറത്ത് ഇതാദ്യമായിട്ടാണ് എംപോക്‌സ് വകഭേദം സ്ഥിരീകരിക്കുന്നത്.
ആഫ്രിക്കയിൽ എംപോക്‌സ് ബാധിത മേഖല സന്ദർശിച്ചതാണ് ഈ വ്യക്തിയിലേക്ക് രോഗം പകരാൻ കാരണമായതെന്നാണ് സൂചന. രോഗബാധിതനായ ആൾക്കുള്ള ചികിത്സ ആരംഭിച്ചിട്ടുണ്ട്. അടുത്ത സമ്പർക്കത്തിലൂടെയാണ് പൊതുവെ എംപോക്‌സ് പകരുന്നത്. പൊതുവെ അപകടകാരിയല്ലെങ്കിലും, ചില ഘട്ടങ്ങളിൽ ജീവന് തന്നെ ആപത്താണ്. ക്ലേഡ് 1, ക്ലേഡ് 2 എന്നീ വകഭേദങ്ങളാണ് ഇതിന് പ്രധാനമായും ഉള്ളത്. ക്ലേഡ് 1 ആണ് ഇതിൽ ഗുരുതരമായ വകഭേദം.
ഫ്‌ളൂവിന് സമാനമായ ലക്ഷണങ്ങളും, ത്വക്കിൽ പഴുപ്പ് നിറഞ്ഞ മുറിവുകളും ഈ രോഗം ബാധിച്ചവരിൽ കാണപ്പെടുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്‌സ് അതിവേഗം വ്യാപിച്ച സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കോംഗോ, ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നിവിങ്ങളിൽ രോഗം പടർന്നു പിടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രോഗം അതിവേഗം പടരുന്നുവെന്നതും, കൂടുതൽ രാജ്യങ്ങളിലേക്ക് ഇത് വ്യാപിക്കുന്നതും ആശങ്കയുണ്ടാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞിരുന്നു.















