ന്യൂഡൽഹി : തന്റെ കലാസൃഷ്ടിയിലൂടെ ഇന്ത്യയെയും പാകിസ്താനെയും വിഭജിക്കാൻ നിർദ്ദേശിച്ച കവി മുഹമ്മദ് ഇഖ്ബാലിനെ കുറിച്ച് ഇനി മുതൽ പഠിപ്പിക്കില്ലെന്ന് ഡൽഹി സർവകലാശാല വൈസ് ചാൻസലർ . ഇഖ്ബാലിനെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് പൂർണ അവകാശമുണ്ടെന്നും എന്നാൽ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും വിലയിൽ അല്ലെന്നും വിസി യോഗേഷ് സിംഗ് പറഞ്ഞു.
ആഗസ്റ്റ് 14-ന് നടന്ന പരിപാടിയിൽ, ഇന്ത്യയുടെ ഐക്യത്തോട് വിട്ടുവീഴ്ച ചെയ്യരുതെന്നും വിസി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. വീർ സവർക്കർ , ഗാന്ധി, ഡോ. ബി.ആർ. അംബേദ്കർ, രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവൻ ബലിയർപ്പിച്ച മറ്റ് നേതാക്കളെ കുറിച്ച് വിദ്യാർത്ഥികൾ പഠിക്കുകയും കൂടുതൽ വായിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
“വിഭജനത്തിന്റെ വിത്ത് പാകിയ വ്യക്തിയായിരുന്നു ഇഖ്ബാൽ. പിന്നീട് പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയായ മുഹമ്മദലി ജിന്നയുടെ അടുത്ത അനുയായിയായി അദ്ദേഹം. 1904-ൽ ലാഹോർ ഗവ.കോളേജിൽ പഠിക്കുമ്പോൾ ഇഖ്ബാൽ ‘സാരേ ജഹാ സേ അച്ചാ, ഹിന്ദുസ്ഥാൻ ഹമാര’, തരാന-ഇ-ഹിന്ദ് എന്നിവ എഴുതി, എന്നാൽ പിന്നീട് താൻ എഴുതിയതിൽ ഉറച്ചുനിൽക്കാൻ മാത്രമാണ് അദ്ദേഹം മറന്നതെന്നും“ വിസി സിംഗ് പറഞ്ഞു. .
ഇന്ത്യ രണ്ട് വ്യത്യസ്ത രാജ്യങ്ങളായി വിഭജിക്കണമെന്ന് ആരും ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാൽ വിഭജനത്തെ ശക്തമായി എതിർക്കുന്നതിൽ അന്നത്തെ നേതാക്കളും പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാൻ രൂപീകരിക്കുന്നതിലേക്ക് നയിച്ച ദ്വിരാഷ്‌ട്ര സിദ്ധാന്തത്തിന്റെ ഏറ്റവും പ്രധാന വക്താക്കളിൽ ഒരാളായിരുന്നു മുഹമ്മദ് ഇഖ്ബാൽ എന്നും അദ്ദേഹം പറഞ്ഞു.