നടൻ മാത്യു പെറിയുടെ (Matthew Perry) മരണവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്. ലഹരിമരുന്ന് കച്ചവടത്തിൽ കുപ്രസിദ്ധി നേടിയ ജസ്വീൻ സംഘയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കെറ്റമിൻ ക്വീൻ അഥവാ മയക്കുമരുന്ന് റാണി എന്നറിയപ്പെടുന്ന ജസ്വീനാണ് മാത്യുവിന്റെ മരണത്തിലേക്ക് നയിച്ച കെറ്റമിൻ (Ketamine) എന്ന ലഹരിമരുന്ന് വിതരണം ചെയ്തതെന്നാണ് കണ്ടെത്തൽ.
41-കാരിയായ ജസ്വീൻ സംഘ ബ്രിട്ടീഷ്-അമേരിക്കൻ പൗരയാണ്. മാരകമായ നാർകോട്ടിക് മരുന്നുകളുടെ വിതരണത്തിൽ യുവതിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനാൽ ഏറെനാളായി അന്വേഷണ ഉദ്യോഗസ്ഥരുടെ റഡാറിലായിരുന്നു അവർ. ലോസ് ഏഞ്ചൽസിലെ കെറ്റമിൻ ക്വീൻ എന്നറിയപ്പെടുന്ന ജസ്വീൻ സംഘയുടെ വീട്ടിലാണ് വിവിധതരം ലഹരിമരുന്നുകൾ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നത്. ഇവരുടെ വീട് ലഹരിക്കച്ചവടത്തിന്റെ കേന്ദ്രമാണെന്ന് പൊലീസ് പറയുന്നു. മെത്തഫെറ്റമിൻ, കൊക്കെയ്ൻ, ക്സനാക്സ് തുടങ്ങിയ ലഹരി മരുന്നുകൾ ഇവരുടെ വീട്ടിൽ ലഭ്യമാണ്. നേരത്തെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നാലെ ദ്രാവക രൂപത്തിലുള്ള കെറ്റമിന്റെ 79 ബോട്ടിലുകളും, 2,000 മെത്ത് ഗുളികകളും പിടിച്ചെടുത്തിരുന്നു.
മാത്യു പെറിയുടെ ശരീരത്തിൽ ഉയർന്ന അളവിൽ കെറ്റമിൻ കണ്ടെത്തിയതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. നടനെ മരണത്തിലേക്ക് നയിച്ചത് കെറ്റമിന്റെ ഓവർഡോസ് ആണെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്. 2023 ഒക്ടോബറിലായിരുന്നു മാത്യു പെറിയുടെ മരണം. ഫ്രണ്ട്സ് (Friends) എന്ന വിശ്വപ്രസിദ്ധ സീരീസിലുടെ ലോകമെമ്പാടും ആരാധകരുള്ള നടനായിരുന്നു മാത്യു പെറി. വീട്ടിലെ ബാത്ത്ടെബ്ബിൽ ബോധരഹിതനായി കിടന്നിരുന്ന മാത്യു പെറിയെ സഹായിയാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
മാത്യു പെറിക്ക് ജസ്വീൻ സംഘയിൽ നിന്ന് കെറ്റമിൻ എത്തിച്ചുനൽകുന്നതിന് ഇടനിലക്കാരനായി നിന്നത് സംവിധായകൻ എറിക് ഫ്ലെമിംഗ് (Eric Fleming) ആണെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ടുതവണയായി 50 കുപ്പി കെറ്റമിനാണ് മയക്കുമരുന്ന് റാണി കൈമാറിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.















