മുംബൈ: ഗൂഢാലോചനകളിലും അനാവശ്യ വിവാദങ്ങളും ഫലിച്ചില്ല, കുതിപ്പ് തുടർന്ന് ഓഹരി വിപണി. ആഴ്ചയിലെ അവസാന ദിനമായ വെള്ളിയാഴ്ച സെൻസെക്‌സ് 600 പോയിൻ്റ് ഉയർന്ന് 79,754.85ലും നിഫ്റ്റി 200 പോയിൻ്റ് ഉയർന്ന് 24,334.85 ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്‌സിന്റെ എല്ലാ ഓഹരികളും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഓഹരി വിപണികൾക്ക് വ്യാഴാഴ്ച അവധിയായിരുന്നു.
ബാങ്കിംഗ് നിഫ്റ്റി പരിശോധിക്കുമ്പോൾ 507 സൂചിക ഉയർന്നതിന് ശേഷം 50,234 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ കുതിപ്പിന് കാരണമായി.
ആഗോള ഓഹരി വിപണിയിലുണ്ടായ ഉയർച്ചയും നിക്ഷേപകർക്ക് നേട്ടമായി. വെള്ളിയാഴ്ച 4 ലക്ഷം കോടി രൂപയാണ് അധികമായി നിക്ഷേപകരുടെ കൈകളിൽ എത്തിയത് . ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം വെള്ളിയാഴ്ച 444.29 ലക്ഷം കോടി രൂപയിൽ നിന്ന് 3.87 ലക്ഷം കോടി രൂപ വർധിച്ച് 448.16 ലക്ഷം കോടി രൂപയായി. നിക്ഷേപകരുടെ മൂല്യത്തിൽ ഏകദേശം 4 ലക്ഷം കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.















