കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സിബിഐയുടെ അന്വേഷണം തൃ്പതികരമെന്ന് മരിച്ച ഡോക്ടറുടെ പിതാവ്. സിബിഐ സംഘം തങ്ങളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിനെ കുറിച്ച് വിശദമായി പറയാനാകില്ലെന്നും കുടുംബം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
കേസുമായി ബന്ധപ്പെട്ട് സിബിഐ ഒരുപാട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തന്റെ മകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങൾ ആത്മവിശ്വാസം നൽകുകയാണ്. തങ്ങൾക്കൊപ്പം നിൽക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു. പ്രതികളെ എത്രയും വേഗത്തിൽ പിടികൂടുമെന്ന് സിബിഐ ഉറപ്പ് നൽകിയിട്ടുണ്ട്. തങ്ങളുടെ മകൾക്ക് നീതി ലഭിക്കണമെന്നും ഡോക്ടറുടെ പിതാവ് പറഞ്ഞു.
സംഭവത്തിൽ രാജ്യമെങ്ങും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറിയ സംഭവത്തിൽ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് സിബിഐയുടെ നിഗമനം. അഞ്ച് ഡോക്ടർമാരെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് സിബിഐ അറിയിച്ചു.