54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ അവാർഡ് നേടിയ ചിത്രമായി ആടുജീവിതം. മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച ജനപ്രിയ ചിത്രം, മികച്ച അവലംബിത തിരക്കഥ, മികച്ച ഛായാഗ്രാഹകൻ, മികച്ച മേക്കപ്പ് മാൻ, ശബ്ദമിശ്രണം, പ്രത്യേക പരാമർശം തുടങ്ങി അനവധി അവാർഡുകളാണ് ആടുജീവിതം സ്വന്തമാക്കിയത്.
ആടുജീവിതത്തിന്റെ ഭാഗമായ ഒമ്പത് പേർക്ക് അവാർഡുകൾ ലഭിച്ചു. സംവിധായകൻ ബ്ലെസ്സിക്കും നടൻ പൃഥ്വിരാജിനും ഛായാഗ്രാഹകൻ സുനിലിനും പുരസ്കാരം ലഭിച്ചു. കൂടാതെ ചിത്രത്തിന്റെ മേക്കപ്പ്മാൻ രജ്ഞിത്ത് അമ്പാടിയും അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ഗോകുലും ശബ്ദമിശ്രണത്തിന് റസൂൽ പൂക്കുട്ടിയും ശരത് മോഹനും നേട്ടം സ്വന്തമാക്കി.
2024ൽ തീയേറ്ററുകളിലെത്തിയ ചിത്രം ലോകമെമ്പാടും ശ്രദ്ധ നേടിയിരുന്നു. ബെന്യാമിൻ എഴുതിയ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസ്സി തയ്യാറാക്കിയ ചിത്രം നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചായിരുന്നു തീയേറ്ററുകളിലെത്തിയത്. അഭിനയകാലയളവിൽ ജോർദാനിലെത്തിയ അണിയറപ്രവർത്തകർ കൊവിഡിനെ തുടർന്ന് അവിടെ പെട്ടുപോയ സാഹചര്യവുമുണ്ടായിരുന്നു. സിനിമയിലെ നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് സ്വീകരിക്കേണ്ടി വന്ന ശാരീരിക പരിവർത്തനവും ചർച്ചയായി.
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു നജീബ് എന്ന് താരം തന്നെ പ്രതികരിച്ചിട്ടുണ്ട്. ശാരീരികവും മാനസികവുമായ നിരവധി വെല്ലുവിളികൾ നേരിട്ടുകൊണ്ടായിരുന്നു സ്ക്രീനിലേക്ക് നജീബായി പൃഥ്വിരാജ് എത്തിയത്. ബെന്യാമിന്റെ നോവലിലൂടെ വായനക്കാർക്ക് സുപരിചിതനായ നജീബിനെ സ്ക്രീനിൽ കണ്ടപ്പോൾ കൺനിറയാത്ത സിനിമാപ്രേമികൾ വിരളമായിരുന്നു. അഭിനേതാവ് എന്ന നിലയിൽ ഒരു വ്യക്തിക്ക് സ്വീകരിക്കാൻ കഴിയുന്ന പരമാവധി അധ്വാനമെടുത്തായിരുന്നു പൃഥ്വിരാജ് നജീബായി പ്രേക്ഷകരിലേക്ക് എത്തിയത്.