പത്തനംതിട്ട: പെരുനാട്ടിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികുട ഭാഗങ്ങൾ കണ്ടെത്തി. കൂനംകരയിലെ ഒരു റബർ തോട്ടത്തിൽ നിന്നാണ് അസ്ഥികുടം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അസ്ഥികുടത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തത്.
വിജനമായ പ്രദേശമായതിനാൽ റബർതോട്ടത്തിലേക്ക് ആരും പോകാറില്ലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ വൈകുന്നേരം റബർ വെട്ടാനായി തൊഴിലാളികളെത്തിയപ്പോഴാണ് തലയോട്ടി കണ്ടത്. തുടർന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ മറ്റ് ശരീര ഭാഗങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു. ഇതോടെ തൊഴിലാളികൾ പൊലീസിനെ വിവരം അറിയിച്ചു.
ജനവാസമേഖല അല്ലാത്തതിനാൽ തന്നെ അസ്ഥികൂടം എങ്ങനെ റബർ തോട്ടത്തിലെത്തിയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള ആളുകളിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റേതാണോ തുടങ്ങിയ വിവരങ്ങൾ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.















