54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അപ്രതീക്ഷിതമായ പുരസ്കാരം നേടിയ ചിത്രമാണ് ഗഗനചാരി. പ്രത്യേക ജൂറി പരാമർശമാണ് ചിത്രം നേടിയത്. 2024ൽ തീയേറ്ററുകളിലെത്തിയ ചിത്രം വേറിട്ട ഉള്ളടക്കത്തിന്റെ പേരിൽ ചർച്ചയായിരുന്നെങ്കിലും പ്രത്യേക ജൂറി പരാമർശത്തിലൂടെ ഇപ്പോൾ കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.
അരുൺ ചന്ദു സംവിധാനം ചെയ്ത ഗഗനചാരി കഴിഞ്ഞ ജൂണിലായിരുന്നു തീയേറ്ററുകളിലെത്തിയത്. ചെറിയ ബജറ്റിൽ പൂർത്തിയാക്കണമെന്ന ഒട്ടുമിക്ക മോളിവുഡ് ചിത്രങ്ങളും നേരിടുന്ന പരിമിതിയിൽ നിന്നുകൊണ്ടുതന്നെ പോസ്റ്റ്-അപ്പോകാലിപ്റ്റിക് സാധ്യത എന്ന പ്രമേയത്തെ സ്ക്രീനിലെത്തിക്കാൻ സംവിധായകന് കഴിഞ്ഞു.
2043ലെ സാങ്കൽപ്പിക കേരളമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഗോകുൽ സുരേഷും അജു വർഗീസും അനാർക്കലി മരയ്‌ക്കാറുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തിയത്. മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഡിസ്ടോപ്പിയൻ ഏലിയൻ ചിത്രമായിരുന്നു ഗഗനചാരി. അതുകൊണ്ട് തന്നെ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രം നേടിയത്. നിരവധിയാളുകൾക്ക് വേറിട്ട സിനിമാ പറച്ചിൽ ഇഷ്ടപ്പെട്ടപ്പോൾ മറ്റൊരു വിഭാഗത്തിന് ഉള്ളടക്കം ദഹിച്ചില്ല. അതുകൊണ്ട് തന്നെ പ്രത്യേക ജൂറി പരാമർശം നേടിയതുവഴി കൂടുതൽ ആളുകളിലേക്ക് ഗഗനചാരിക്ക് എത്താൻ കഴിയുമെന്ന് തീർച്ചയാണ്.















