തിരുവനന്തപുരം: മൂന്നാം തവണയാണ് സംസ്ഥാന അവാർഡ് ലഭിക്കുന്നതെന്നും പ്രധാന അവാർഡുകൾ ആടുജീവിതത്തിന് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും സംവിധായകൻ ബ്ലെസി. ചിത്രത്തിലെ സംഗീതത്തെ പരാമർശിക്കാതിരുന്നതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച ആർട്, മികച്ച കോറിയോഗ്രാഫി, മികച്ച ക്യാമറ തുടങ്ങിയ പ്രധാന അവാർഡുകൾ ആടുജീവിതത്തിന് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഒരു സിനിമയുമായി മുന്നോട്ട് പോകുമ്പോൾ ഒരിക്കലും അവാർഡല്ല ലക്ഷ്യമിടുന്നത്. എത്രത്തോളം മനോഹരമായി പ്രേക്ഷകരിലെത്തിക്കാൻ സാധിക്കുമെന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്.
എല്ലാവരുടെയും മനസിൽ കിടക്കുന്ന ഈ കഥയെ എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നായിരുന്നു താൻ ആദ്യം ചിന്തിച്ചത്. കഥയ്‌ക്ക് പുറമേ സിനിമയിലേക്ക് കൊണ്ടുവന്ന പല സീനുകളും പ്രേക്ഷകർ അംഗീകരിച്ചു.
പല ഭാഷയിലുള്ള പാട്ടുകൾ ചേർത്തിട്ടുള്ള റെക്കോർഡിംഗാണ് ആടുജീവിതത്തിൽ ഉണ്ടായിരുന്നത്. സംഗീതത്തെ പരാമർശിക്കാതിരുന്നതിൽ ഖേദമുണ്ട്. കേരളം മുഴുവൻ പാടി നടന്നിരുന്ന പാട്ടിനെ കാണാതായി പോയി എന്നുള്ളത് വലിയ വിഷമമാണ്. ഇത് വളരെയധികം ആശ്ചര്യപ്പെടുത്തി. ഒരുപാട് പിന്തുണ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.
ഗോകുലിന് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചതാണ് ഏറ്റവം സന്തോഷമുണ്ടാക്കുന്ന കാര്യം. ജീവിതത്തെ തന്നെ ഒരു കഥാപാത്രത്തിലേക്ക് എത്തിക്കാനായി ഗോകുൽ ഒരുപാട് പരിശ്രമിച്ചിരുന്നു. ഒരു സംവിധായകൻ പറഞ്ഞതിന്റെ പേരിൽ ഭാവിയും വിദ്യാഭ്യാസവും ഉപേക്ഷിച്ചാണ് അയാൾ സിനിമയിലേക്കിറങ്ങിയതെന്നും ബ്ലെസി പ്രതികരിച്ചു.
മികച്ച സംവിധായകനുള്ള പുരസ്കാരം ഉൾപ്പെടെ ഒമ്പത് അവാർഡുകളാണ് ആടുജീവിതം വാരിക്കൂട്ടിയത്.