1977-ൽ തന്റെ എട്ടാം വയസിലാണ് ഉർവശി അഭിനയരംഗത്ത് എത്തിയത്. ക്യാമറയും ലൈറ്റും ആദ്യമായി കണ്ടപ്പോൾ ബോധം കെട്ട് വീണയാളാണ് കുഞ്ഞ് കവിതാരഞ്ജിനി എന്ന ഉർവശി. 47 വർഷം നീണ്ടു നിന്ന കരിയറിൽ ആറാം തവണയാണ് മികച്ച നടിയായി ഉർവശി തിരഞ്ഞെടുക്കപ്പെട്ടത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ 18 വർഷത്തിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്കാരം എത്തിയത്.
സ്കൂളിൽ നിന്ന് പ്രോഗ്രസ് റിപ്പോർട്ട് കിട്ടുന്നത് പോലെയാണ് അവാർഡെന്ന് ഉർവശി പ്രതികരിച്ചു. എനിക്കുവേണ്ടി കാത്തിരുന്ന് ക്രിസ്റ്റോ ഓരോ പ്രാവശ്യം വിളിക്കുമ്പോഴും ഞാൻ ചൂടായിട്ടൊക്കെയുണ്ട്. പുരസ്‌കാരം സംവിധായകൻ ക്രിസ്റ്റോ ടോമിക്ക് സമർപ്പിക്കുന്നുവെന്ന് നടി പറഞ്ഞു.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് അവധി എടുത്ത ഉർവശി 2006 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് തിരിച്ച് വന്നത്. അതിന് ശേഷം നിരവധി ചിത്രങ്ങൾ അഭിനയിച്ചെങ്കിലും മുമ്പുള്ള ഉർവശിയെ അതിലൊന്നും കാണാൻ സാധിച്ചില്ല. എന്നാൽ തമിഴിൽ മികച്ച വേഷങ്ങൾ ലഭിക്കുകയും ചെയ്തു. എന്നാൽ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ലീലമ്മയിലൂടെ മലയാള സിനിമയ്‌ക്ക് പഴയ ഉർവശിയെ തിരിച്ച് കിട്ടിയെന്ന് സിനിമനിരൂപകർ അടക്കം അഭിപ്രായപ്പെട്ടിരുന്നു.
1969 ജനുവരി 25ന് പ്രശസ്ത നാടക അഭിനേതാക്കളായ ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായാണ് ഉർവ്വശി ജനിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഏകദേശം 702 ചിത്രങ്ങളിൽ അഭിനയിച്ചു. 1979-ൽ പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
1989 മുതൽ 1991 വരെ തുടർച്ചയായി മൂന്ന് തവണ മികച്ച നടിക്കുള്ള പുരസ്കാരം താരം നേടി. മഴവിൽ കാവടി, വർത്തമാനകാലം, തലയണമന്ത്രം, ഭരതം, കാക്കത്തൊള്ളായിരം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നു അംഗീകാരം. തുടർന്ന് 1995ൽ കഴകം, 2006 മധുചന്ദ്രലേഖ എന്നിലൂടെയും മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. രണ്ട് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും അവർക്ക് ലഭിച്ചിട്ടുണ്ട് . അച്ചുവിന്റെ അമ്മ (2005) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും ഉർവശി നേടി.















