കുമ്പളങ്ങിയിലെ നാല് സഹോദരന്മാരുടെ കഥ പറഞ്ഞ കുമ്പളങ്ങി നൈറ്റ്‌സിലെ മറക്കാനാകാത്ത ഗാനങ്ങളിലൊന്നാണ് ‘ഉയിരിൽ തൊടും’ എന്ന ഗാനം. മലയാളികളുടെ ഉള്ളം നിറച്ച ആ ഗാനം ആലപിച്ചതാരാണെന്നറിയാനുള്ള അന്വേഷണത്തിനൊടുവിലാണ് ആൻ ആമി എന്ന യുവ ഗായികയെ കേരളക്കര ശ്രദ്ധിക്കാൻ തുടങ്ങിയത്. ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിലൂടെയാണ് ആൻ ആമി പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്. അവിടം തൊട്ട് ആരംഭിച്ച ജൈത്ര യാത്ര ഇന്ന് മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ നിറവിൽ എത്തി നിൽക്കുന്നു.
ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ ‘തിങ്കൾ പൂവേ’ എന്ന ഗാനത്തിനാണ് ആമി പുരസ്‌കാരത്തിന് അർഹയായത്. രണ്ട് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് തിങ്കൾ പൂവേ എന്ന ഗാനം പൂർത്തികരിക്കാൻ ആമിക്ക് സാധിച്ചത്. കൊറോണ മഹാമാരിക്ക് മുമ്പ് തന്നെ പാട്ടിന്റെ കാര്യം അഖിൽ ആമിയോട് പറഞ്ഞിരുന്നു.
എന്നാൽ പിന്നീട് കോവിഡ് വന്നതോടെ സിനിമയുടെ ഷൂട്ടിംഗ് നീളുകയും ആരോഗ്യപ്രശ്‌നങ്ങൾ വന്നതും റെക്കോർഡിംഗ് മാസങ്ങളോളം നീണ്ടു പോയതിന്റെ കാര്യങ്ങളും ആൻ ആമി പിന്നീട് പറഞ്ഞിരുന്നു. ഒടുവിൽ ആ പാട്ട് പാടി തീർന്നപ്പോഴാണ് തനിക്ക് പുതുജീവൻ വച്ചതെന്നും അവർ പറഞ്ഞു. പുരസ്‌കാരത്തിന്റെ നിറവിൽ നിൽക്കുമ്പോൾ, പരിശ്രമങ്ങൾ ഒരിക്കലും വിഫലമാകില്ലെന്നത് ആൻ ആമി ഇപ്പോൾ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.
ഗായിക എന്നതിലുപരി ഡബ്ബിംഗ് മേഖലയിലും ആമി തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ കല്യാണി പ്രിയദർശന് ശബ്ദം നൽകിയതും ആൻ ആമിയാണ്. ദുൽഖർ സൽമാൻ, ശോഭന, സുരേഷ് ഗോപി എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ.
ഓരോ സിനിമാപ്രേമിയുടെയും ഹൃദയത്തിൽ സ്പർശിച്ച സിനിമയാണ് സീതാരാമം. ഇതിലെ മലയാള പതിപ്പിൽ മൃണാൽ താക്കൂറിന് ശബ്ദം നൽകിയതും ആൻ ആമി തന്നെ. ഡബ്ബിംഗ് മേഖലയിലും തന്റെ കഴിവ് തെളിയിച്ചെങ്കിലും സംഗീതത്തിന് തന്നെയാണ് മുൻഗണന നൽകുന്നതെന്നാണ് ആൻ ആമി പറയുന്നത്.















