ദേശീയ അവാർഡ് തിളക്കത്തിലൂടെ കന്നട സിനിമയുടെ അഭിമാനമായിരിക്കുകയാണ് ഋഷഭ് ഷെട്ടി . പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു കന്നഡ സിനിമാ നടന് ദേശീയ അവാർഡ് ലഭിക്കുന്നത് . 1987 ലാണ് നടൻ കമൽഹാസന്റെ സഹോദരൻ ചാരു ഹാസൻ ‘തബരണ കേറ്റ്’ എന്ന കന്നട ചിത്രത്തിലെ മികച്ച പ്രകടനത്തിന് ദേശീയ അവാർഡ് നേടിയത് . അതിന് ശേഷം മറ്റൊരു താരത്തിനും കന്നഡ സിനിമയിൽ അഭിനയിച്ചതിന് ദേശീയ അവാർഡ് ലഭിച്ചിട്ടില്ല.
വളരെ ചെറിയ വേഷങ്ങളിലൂടെ അഭിനയം തുടങ്ങിയ ഋഷഭ് ഷെട്ടി സാധാരണ സൈഡ് റോളിന് ശേഷമാണ് കാന്താരയിൽ പ്രധാന കഥാപാത്രമായി എത്തിയത് . മിത്തും മണ്ണും മനുഷ്യനും കൂടിച്ചേർന്ന മാന്ത്രികത അഭ്രപാളിയിൽ എത്തിച്ച ചിത്രമാണ് ‘കാന്താര’. .നിഗൂഢമായ വനമെന്നാണ് കാന്താര എന്ന വാക്കിന്റെ അർത്ഥം.
ഉത്തരകേരളത്തിന്റെ തെയ്യവും കർണാടകയുടെ ദൈവക്കോലവും ഇഴ ചേർന്ന തുളുനാടൻ സംസ്‌ക്കാരമുദ്രയാണ് ‘കാന്താര’യുടെ കാതൽ. തീരദേശ കർണാടകയുടെ സാംസ്‌കാരിക വൈവിധ്യങ്ങൾ മിത്തിന്റെ ചായം പൂശി ‘കാന്താര’ അവതരിപ്പിക്കുന്നു.















