54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഒരുപിടി അവാർഡുകൾ ആടുജീവിതം കൊണ്ടുപോയി.. തൊട്ടുപിന്നാലെ 70-ാമത് ദേശീയ ചലച്ചിത്രം പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ അവിടെയും തരംഗമായിരിക്കുകയാണ് മലയാള സിനിമ. അതിന് വഴിയൊരുക്കിയതാകട്ടെ ‘ആട്ട’വും.
2022ലെ ചിത്രങ്ങളായിരുന്നു ദേശീയ പുരസ്കാരങ്ങൾക്കായി ഇത്തവണ പരിഗണിച്ചത്. മലയാളത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ച കൂട്ടത്തിൽ ഏറ്റവുമധികം നേട്ടം കൊയ്തത് നിലപാടിലെ ഇരട്ടത്താപ്പ് പ്രമേയമാക്കി വന്ന ആട്ടമായിരുന്നു.
നൂറുക്കണക്കിന് സിനിമകളുമായി മല്ലിട്ട് രാജ്യത്തെ തന്നെ ഏറ്റവും മികച്ച ചിത്രമായി ആട്ടം തിരഞ്ഞെടുക്കപ്പെട്ടുവെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ കാര്യമാണ്. 2022ലെ ഏറ്റവും മികച്ച സിനിമയായാണ് മലയാളം ചിത്രം ആട്ടം തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് കൂടാതെ മികച്ച ചിത്രസംയോജനത്തിനും (എഡിറ്റിംഗ്), തിരക്കഥയ്‌ക്കയുമുള്ള പുരസ്കാരവും ആട്ടം സ്വന്തമാക്കി. ചിത്രത്തിന്റെ എഡിറ്റർ
മഹേഷ് ഭുവനേന്ദും തിരക്കഥാകൃത്ത് ആനന്ദ് ഏകർഷിയുമായിരുന്നു. ആട്ടം ഉൾപ്പടെയുള്ള മലയാള സിനിമകൾ മികച്ച നിലവാരം പുലർത്തിയെന്ന് ജൂറി അംഗങ്ങൾ പ്രതികരിക്കുകയും ചെയ്തു.
ബി 32 മുതൽ 42 വരെ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സറീൻ ഷിഹാബും, മലയാളികളുടെ പ്രിയങ്കരനായ നടൻ വിനയ് ഫോർട്ടും അടക്കം 13 പേരാണ് ആട്ടത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തിയത്. വ്യത്യസ്ത സാഹചര്യത്തിൽ പുരുഷന്മാർക്ക് ഒരു പെണ്ണിനോട് തോന്നുന്ന സമീപനമാണ് ആട്ടം സംസാരിച്ചത്. നാടകത്തിൽ അഭിനയിക്കുന്നവരുടെ ഇടയിൽ നടക്കുന്ന ക്രൈം ഡ്രാമയായിരുന്നു സിനിമ. തിരക്കഥാകൃത്ത് ആനന്ദ് ഏകർഷി തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. നിലപാടുകളിലെ സ്ഥിരതയില്ലായ്മയെ വളരെയധികം എൻഗേജിംഗായ രീതിയിൽ അവതരിപ്പിക്കാൻ ആട്ടത്തിന് കഴിഞ്ഞിരുന്നു. സൂപ്പർസ്റ്റാറുകളില്ലാതെ വളരെ കുറഞ്ഞ ബജറ്റിൽ അണിയിച്ചൊരുക്കിയ ചിത്രം ദേശീയ തലത്തിൽ വലിയൊരു പുരസ്കാരത്തിന് അർഹമായെന്നത് മലയാള സിനിമയ്‌ക്ക് അഭിമാനകരമാണ്.















