കൊറോണ പ്രസിന്ധിയെ തുടർന്ന് മങ്ങിപ്പോയ മലയാള സിനിമാ രംഗത്ത് പുത്തൻ ഉണർവ് നൽകിയ ചിത്രങ്ങളിലൊന്നായിരുന്നു മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഏവരുടെയും ഹൃദയം കവർന്നത് രണ്ട് കുട്ടിത്താരങ്ങളായിരുന്നു. അയ്യനെ ഒരിക്കല്ലെങ്കിലും തൊഴുതു വണങ്ങണമെന്ന് ആഗ്രഹിച്ച കല്ലുവും അവളുടെ ആഗ്രഹത്തിനൊപ്പം നിന്ന പിയൂഷ് ഉണ്ണിയും! കല്ലുവായി എത്തിയത് ദേവനന്ദയും പിയൂഷ് ഉണ്ണിയായി എത്തിയത് ശ്രീപഥുമായിരുന്നു. മാളികപ്പുറത്തിലെ കുട്ടിത്താരത്തിന്റെ പ്രകടനത്തിന്റെ ഇന്ന് അർഹിക്കുന്ന അംഗീകാരം ലഭിച്ചിരിക്കുകയാണ്.
ഇടത് രാഷ്‌ട്രീയ കണ്ണുകൾ കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും മാളികപ്പുറത്തെയും ബാലതാരങ്ങളെയും മാറ്റി നിർത്തിയപ്പോൾ ഇന്ന് ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ് മാളികപ്പുറം. ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരമാണ് പിയൂഷ് ഉണ്ണിയായി വേഷമിട്ട ശ്രീപഥ് നേടിയത്.
കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച ബാലതാരങ്ങൾക്കുള്ള അവാർഡ് മാളികപ്പുറത്തിന് ലഭിക്കുമെന്നാണ് സിനിമാ പ്രേമികൾ പ്രതീക്ഷിച്ചിരുന്നത്. ജൂറിയിൽ രാഷ്‌ട്രീയം കലർന്നപ്പോൾ മാളികപ്പുറത്തെയും കുഞ്ഞുതാരങ്ങളെയും അവർ മാറ്റി നിർത്തുകയായിരുന്നു. എന്നാൽ അവരുടെ കഠിന പരിശ്രമങ്ങൾക്ക് അംഗീകാരമുണ്ടെന്ന് കാലം തെളിയിച്ചിരിക്കുന്നു.
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ പിറന്ന മാളികപ്പുറത്തിൽ ഉഴപ്പനായി, ക്ലാസിലെ തുളസി പിപിയെ ഇഷ്ടപ്പെടുന്ന കള്ളകാമുകനായി എന്നാൽ കല്ലുവിന്റെ കൂട്ടുകാരനായി പിയൂഷ് ഉണ്ണി എന്ന ശ്രീപഥ് ജീവിക്കുകയായിരുന്നു. ജിഎൽപിഎസ് മാതാമംഗലം സ്‌കൂളിലെ അഞ്ചാം ക്ലാസുകാരനാണ് ശ്രീപഥ്. റീൽസിലൂടെയാണ് സിനിമാ രംഗത്തേക്ക് താരം എത്തുന്നത്.
കുമാരി എന്ന സിനിമയ്‌ക്ക് ശേഷം ശ്രീപഥ് അഭിനയിച്ച സിനിമയാണ് മാളികപ്പുറം. സിനിമയിൽ ഉണ്ണിമുകുന്ദനും കല്ലുവും തന്ന പിന്തുണ വളരെ വലുതായിരുന്നുവെന്ന് ശ്രീപഥ് മുമ്പ് പറഞ്ഞിരുന്നു. ചിത്രത്തിൽ താരത്തിന്റെ അച്ഛനും ചെറിയൊരു പൊലീസ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. തമാശകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ശ്രീപഥിന് ഇനിയും ഒരുപാട് സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം.















