ന്യൂഡൽഹി: 2027- ഓടെ ഭാരതം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ.ഗീതാ ഗോപിനാഥ്. വിവിധ ഘടകങ്ങളിലാണ് ഇന്ത്യയുടെ വളർച്ച മുന്നോട്ട് പോകുന്നത്. രാജ്യത്തിന്റെ പ്രകടനം പ്രതീക്ഷിച്ചതിലും മികച്ചതാണെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാമ്പത്തിക വിദഗ്ധ പറഞ്ഞു.
“ഇന്ത്യയുടെ വളർച്ച കഴിഞ്ഞ സാമ്പത്തിക വർഷം ഞങ്ങൾ പ്രതീക്ഷിച്ചതിലും വളരെ മികച്ചതാണ്. ഈ വർഷവും അതേ ഘടകങ്ങൾ വളർച്ചയെയും ത്വരിതപ്പെടുത്തും. സ്വകാര്യ ഉപഭോഗ വളർച്ച ഏകദേശം 4 ശതമാനം ആണ്. അനുകൂലമായ മൺസൂൺ ഗ്രാമീണ ഉപഭോഗ നിരക്ക് വർദ്ധിപ്പിക്കും. ഇരുചക്രവാഹന വിൽപ്പനയും ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ് സെയിൽസ് പരിഗണിച്ചാണ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ വളർച്ചാ പ്രവചനം 7 ശതമാനമായി ഉയർത്തിയതെന്നും ഗീതാ ഗോപിനാഥ് വെളിപ്പെടുത്തി.
സാമ്പത്തിക സർവേയിൽ കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച് 6.5 ശതമാനത്തേക്കാൾ കൂടുതലാണ് ഐഎംഎഫിന്റെ പ്രവചനം. 7 ശതമാനമാണ് ഐഎംഎഫ് മുന്നോട്ട് വെക്കുന്നത്. ഒപ്പം 2027ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു.
2047 ഓടെ ഇന്ത്യ 55 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണമൂർത്തി വി. സുബ്രഹ്മണ്യൻ ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു. വളർച്ചാ കേന്ദ്രീകൃത നയങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഉത്സാഹത്തോടെ പ്രവർത്തിച്ചാൽ രാജ്യത്തിന് 8 ശതമാനം ജിഡിപി വളർച്ച കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.















