ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ ഡൽഹിയിൽ ഹൈന്ദവ സമൂഹത്തിന്റെ വൻ പ്രതിഷേധം. നാരീ ശക്തി ഫോറം ആഹ്വാനം ചെയ്ത പ്രതിഷേധമാർച്ചിൽ ആയിരങ്ങളാണ് അണിനിരന്നത്.
മാണ്ഡി ഹൗസിൽ നിന്നും ജന്തർ മന്ദർ വരെയായിരുന്നു മാർച്ച് നടന്നത്. ബംഗ്ലാദേശിൽ ഹൈന്ദവ സമൂഹത്തിനെതിരെ നടക്കുന്ന അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിൽ പങ്കെടുത്ത ചിലർ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. ബിജെപി എംപി ബൻസുരി സ്വരാജ്, ജെഎൻയു വിസി ശാന്തിശ്രീ ഡി പണ്ഡിറ്റ് തുടങ്ങിയവർ പ്രതിഷേധത്തിന്റെ ഭാഗമായി.
ബംഗ്ലാദേശിലെ രാഷ്‌ട്രീയ അസ്ഥിരതയുടെ ഏറ്റവും വലിയ ഇര അവിടുത്തെ ഹിന്ദു സമൂഹവും ന്യൂനപക്ഷ വിഭാഗങ്ങളുമാണെന്ന് ബൻസുരി സ്വരാജ് പറഞ്ഞു. ഹിന്ദു വംശഹത്യയ്‌ക്ക് സമാനമായ അക്രമങ്ങളാണ് ബംഗ്ലാദേശിൽ നടക്കുന്നത്. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ അക്രമികൾ ഹിന്ദു സമൂഹത്തെയും ബുദ്ധവിശ്വാസികൾ അടക്കമുളള ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുകയായിരുന്നു. നിരവധി ക്ഷേത്രങ്ങൾ ഉൾപ്പെടെ തകർക്കപ്പെട്ടു.
ഷെയ്ഖ് ഹസീന രാജിവച്ച ശേഷം രാജ്യത്തെ 48 ജില്ലകളിലായി 278 സ്ഥലങ്ങളിൽ ഹിന്ദുക്കൾക്ക് നേരെ അക്രമം നടന്നിട്ടുണ്ടെന്നാണ് ബംഗ്ലാദേശ് നാഷണൽ ഹിന്ദു ഗ്രാൻഡ് അലെയ്ൻസ് പുറത്തുവിടുന്ന വിവരം.