മുംബൈ: മുഖ്യമന്ത്രി പദത്തിനായി ആരെയും പിന്തുണക്കില്ലെന്നും മഹാരാഷ്‌ട്ര വികാസ് അഘാഡിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഉദ്ധവ് താക്കറെ. ആരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് മുന്നണ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.
വിജയം ഉറപ്പാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ അതേ ആർജവം നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകും. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാടാൻ തങ്ങൾ തയ്യാറാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസും എൻസിപിയും ഉൾപ്പെടെ മുന്നണിയിലെ മറ്റുകക്ഷികളുമായി ആലോചിച്ചായിരിക്കും. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മഹാരാഷ്‌ട്രയുടെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. സംസ്ഥാനത്തിന്റെ നേട്ടത്തിന് വേണ്ടിയായിരിക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നും താക്കറെ പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമായി മത്സരിച്ച് വിജയിച്ച ഉദ്ധവ് താക്കറെ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ച ശേഷം പിന്തുണ പിൻവലിച്ച് മഹാരാഷ്‌ട്ര വികാസ് അഘാഡിയിലേക്ക് പോകുകയായിരുന്നു. മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിനും എൻസിപിക്കും പിന്തുണ നൽകുകയായിരുന്നു ഉദ്ധവ്. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്.