ഗുരുവായൂർ: ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയുടെ പശ്ചാത്തലത്തിൽ ഇവിടെയും ഹിന്ദു സമൂഹം ജാഗ്രത കാണിക്കണമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ബംഗ്ലാദേശിൽ നടക്കുന്നത് ഒരു പരീക്ഷണമാണ്. ജാഗ്രതയോടെ കരുതിയിരിക്കേണ്ട സമയമാണ് ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലേത് ഒരു പരീക്ഷണം മാത്രമാണ്, കാരണം വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ വൈകാരിക തലത്തിലേക്ക് ഉയർത്തിവിട്ട് തീവ്രമതസംഘടനകൾ പിന്നിൽ നിന്ന് പ്രവർത്തിക്കുകയും സാമാജികമായ അസ്വസ്ഥതയുണ്ടാക്കുകയും അതിലൂടെ വിലപേശൽ നടത്തുകയും ചെയ്യുകയെന്ന തന്ത്രമാണ് ബംഗ്ലാദേശിൽ ഇപ്പോൾ പരീക്ഷിച്ചതും വിജയിച്ചതും. അത്യന്തമായ ജാഗ്രതയോടെ കരുതിയിരിക്കേണ്ട സമയാണ് അതുകൊണ്ടാണ് പരീക്ഷണമാണ് നടത്തിയതെന്ന് പറഞ്ഞതെന്ന് അദ്ദേഹം വിശദമാക്കി.
അങ്ങേയറ്റത്തെ കരുത്തോടെ ദീർഘവീക്ഷണത്തോടെ ബ്രഹ്‌മതേജസിന്റെയും ശാസ്ത്രവീര്യത്തിന്റെയും സമന്വയമുളള സമൂഹം മാത്രമേ കാലഗതിയിൽ പിടിച്ചുനിന്നിട്ടുളളൂവെന്ന യാഥാർഥ്യം മനസിലാക്കി രണ്ടിന്റെയും സമന്വയം നമ്മൾ നേടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അതിന് വ്യക്തി പോരാ സമാജം വേണമെന്നും സ്വാമി ചിദാനന്ദപുരി കൂട്ടിച്ചേർത്തു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന നാമജപ ഘോഷയാത്രയിൽ ഉദ്ഘാടനഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സന്യാസിവാര്യന്മാരുൾപ്പെടെ നാമപയാത്രയിൽ പങ്കെടുത്തു. ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിന് മുന്നിലാണ് നടന്ന സമാപനസഭ സംഘടിപ്പിച്ചിരുന്നത്. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അധ്യക്ഷനായ ചടങ്ങിൽ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സ്ഥാണുമാലയൻ മുഖ്യപ്രഭാഷണം നടത്തി. സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പ്രവർത്തകരാണ് പങ്കെടുക്കുന്നത്.