ബാങ്കോക്ക്: തായ്‌ലാൻഡിന്റെ അടുത്ത പ്രധാനമന്ത്രിയായി പെറ്റോങ്ടാൺ ഷിനവത്രയെ തെരഞ്ഞെടുത്തു. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിലാണ് പെറ്റോങ്ടാൺ ഷിനവത്രയെ തെരഞ്ഞെടുത്തത്. മുൻപ്രധാനമന്ത്രിയും രാജ്യത്തെ കോടീശ്വരന്മാരിലൊരാളുമായ തക്സിൻ ഷിനവത്രയുടെ മകളാണ് 37 കാരിയായ പുതിയ പ്രധാനമന്ത്രി. ധാർമ്മിക ലംഘനവുമായി ബന്ധപ്പെട്ട കേസിൽ ആഗസ്റ്റ് പതിനാലിന് തായ്‌ലൻഡിലെ ഭരണഘടനാ കോടതി പ്രധാനമന്ത്രിയായിരുന്ന ശ്രേത്ത തവിസിനെ അധികാരത്തിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പെറ്റോങ്ടാൺ ഷിനവത്രയെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.
തായ്‌ലൻഡിലെ ഫ്യു തായ് പാർട്ടിയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പെറ്റോങ്ടാൺ ഷിനവത്രയെ നാമനിർദ്ദേശം ചെയ്തത്. തായ്‌ലൻഡ് പ്രധാനമന്ത്രിയാകുന്ന ഷിനവത്ര കുടുംബത്തിലെ നാലാമത്തെ അംഗമാണ്. രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിന് മൂന്ന് വർഷം മുൻപ് വരെ കുടുംബത്തിന്റെ ബിസിനസ്സ് സാമ്രാജ്യത്തിലെ ഹോട്ടലുകൾ ഉൾപ്പെടുന്ന വിഭാഗം കൈകാര്യം ചെയ്തിരുന്നത് പെറ്റോങ്ടാൺ ആയിരുന്നു. രാഷ്‌ട്രീയപരമായി ഒരു അധികാരസ്ഥാനങ്ങളും അവർ വഹിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ 16 വർഷത്തിനിടെ കോടതി അധികാരത്തിൽ നിന്നും പുറത്താക്കുന്ന നാലാമത്തെ തായ് പ്രധാനമന്ത്രിയാണ് ശ്രേത്ത തവിസ്. റിയൽ എസ്റ്റേറ്റ് ഭീമന്മാരിലൊരാളായ ശ്രേത്ത ധാർമ്മിക നിലവാരം പുലർത്താതെ മന്ത്രിയെ തെരഞ്ഞെടുത്ത് ഭരണഘടനാ ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോടതി ശ്രേത്തയെ പുറത്താക്കിയത്. അധികാരത്തിലേറി ഒരു വർഷം പിന്നിട്ടപ്പോൾ തന്നെ ശ്രേത്തയ്‌ക്ക് പ്രധാനമന്ത്രി പദത്തിൽ നിന്നും പടിയിറങ്ങേണ്ടി വന്നു.















