ന്യൂഡൽഹി: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിൽ വനിതാ ട്രെയിനി ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ശനിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ സമരത്തിന് അസോസിയേഷൻ ആഹ്വാനം ചെയ്തു. അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവർത്തിക്കുകയെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി അനിൽ കുമാർ ജെ നായക് വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ 6 മണി മുതൽ ഞായറാഴ്ച രാവിലെ 6 മണി വരെയാണ് പ്രതിഷേധ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് 60 ശതമാനത്തിലേറെ വനിതാ ഡോക്ടർമാരാണെന്നും മതിയായ സുരക്ഷയില്ലാതെ ആശുപത്രിയിൽ ജോലി ചെയ്യാനാകില്ലെന്നും അനിൽ കുമാർ ജെ നായക് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി വിഷയം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം അനുകൂലമായ പ്രതികരണമാണ് നൽകിയതെന്നും ഐഎംഎ ജനറൽ സെക്രട്ടറി പറഞ്ഞു.
കൊൽക്കത്തയിൽ കൊല്ലപ്പെട്ട വനിതാ ട്രെയിനി ഡോക്ടറുടെ കുടുംബവുമായി സംസാരിച്ചു. ആശുപത്രി അധികൃതർ വളരെ മോശമായാണ് ഈ വിഷയം കൈകാര്യം ചെയ്തത്. ദേശീയ വനിതാ കമ്മീഷൻ കൊൽക്കത്ത സന്ദർശിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടില്ലെങ്കിലും ആരോഗ്യ പ്രവർത്തകരുടെ ആവശ്യങ്ങൾ അറിയിച്ചിരുന്നതായി അനിൽ കുമാർ ജെ നായക് പറഞ്ഞു.
എല്ലാ ആരോഗ്യ പ്രവർത്തകരെയും ബാധിക്കുന്ന വിഷയമാണ്. ഒരുമിച്ച് നിൽക്കേണ്ട നിർണായക സമയമാണിത്. ഒന്നുകിൽ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുകയെന്ന സാഹചര്യമാണ് മുൻപിലുളളതെന്നും ഐഎംഎ ജനറൽ സെക്രട്ടറി പറഞ്ഞു.
ഓഗസ്റ്റ് 9 നാണ് ആർജി കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ പിജി ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആശുപത്രിയിലെ ഡോക്ടർമാരടക്കം സംഭവത്തിൽ കുറ്റക്കാരാണെന്ന ആരോപണമാണ് ഉയരുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും ആരോപണത്തെ സാധൂകരിക്കുന്നുണ്ട്. കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐയ്‌ക്ക് കൈമാറിയിരിക്കുകയാണ്. അഞ്ച് ദിവസത്തിലധികമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡോക്ടർമാർ ഈ വിഷയത്തിൽ പ്രതിഷേധത്തിലാണ്.















