ദുബായ്: അനധികൃതമായി താമസിക്കുന്നവർക്ക് യു.എ.ഇ പ്രഖ്യാപിച്ച ഗ്രേസ് പിരീഡ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. സെപ്റ്റംബർ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് യുഎഇയിൽ വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷ കൂടാതെ രാജ്യം വിടാനുമുളള ഇളവുകൾ പ്രഖ്യാപിച്ചത്. എല്ലാവരും അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ആവശ്യപ്പെട്ടു.
ഗ്രേസ് പിരീഡിന്റെ ആനൂകുല്യം വിനിയോഗിക്കുന്നവർക്ക് നടപടിക്രമങ്ങൾ സുഗമമാക്കാൻ കോൺസുലേറ്റ് പൂർണ്ണ സജ്ജമാണെന്ന് കോൺസൽ ജനറൽ അറിയിച്ചു. വിവിധ എമിറേറ്റുകളിലെ ഇന്ത്യൻ അസോസിയേഷനുകളുമായി സഹകരിച്ച് ഇതിനുവേണ്ട ഏകോപനം നടത്തുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
അതേസമയം വേൾഡ് മലയാളി കൗൺസിൽ ഉൾപ്പെടെ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. കേസുകളിൽ അകപ്പെട്ടിടുള്ളവരുണ്ടെങ്കിൽ അവ തീർപ്പാക്കാനുള്ള പിഴ ഉൾപ്പെടെ നൽകി വേണ്ട സഹായം ചെയ്യുമെന്നും അവർ അറിയിച്ചു. യു.എ.ഇ പ്രഖ്യാപിച്ച ഗ്രേസ് പിരീഡീലൂടെ നിയമം ലംഘിച്ച് കഴിയുന്നവർക്ക് ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തിയാൽ ഓരോ ദിവസത്തിനും 50 ദിർഹം എന്ന വൻതുകയുടെ പിഴയാണ് ഒഴിവായിക്കിട്ടുക.







