ന്യൂഡൽഹി: ഇന്ത്യ – ജപ്പാൻ മൂന്നാം വട്ട 2+2 കൂടിക്കാഴ്ച ഓഗസ്റ്റ് 20 ന് ഉണ്ടായേക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ജപ്പാൻ പ്രതിരോധ മന്ത്രി മിനോറൗ കിഹാര, വിദേശകാര്യ മന്ത്രി യോക്കോ കാമികാവ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ വച്ചാണ് കൂടിക്കാഴ്ച. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇക്കാര്യം അറിയിച്ചത്.
2019 ൽ ന്യൂഡൽഹിയിൽ വച്ചാണ് ഇന്ത്യ- ജപ്പാൻ ആദ്യ 2+2 മന്ത്രിതല യോഗം നടന്നത്. 2022 ൽ ടോക്കിയോയിൽ വച്ചായിരുന്നു രണ്ടാം 2+2 മന്ത്രിതല യോഗം.ഇന്ത്യ – ജപ്പാൻ ബന്ധം വളരെ ഉയർന്ന തലത്തിലാണെന്നും 2+2 മീറ്റ് ബന്ധത്തിന്റെ എല്ലാ വശങ്ങളിലും വലിയ ഉത്തേജനം നൽകുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരെയും പ്രതിരോധ മന്ത്രിമാരെയും ഒരേ വേദിയിൽ എത്തിക്കുന്നത് വലിയ നേട്ടമുണ്ടാക്കും. ജപ്പാനുമായുള്ള 2+2 ചർച്ച വളരെ പ്രധാനമാണ്. ബന്ധത്തിന്റെ എല്ലാ വശങ്ങളിലും വലിയ ഉത്തേജനം നൽകും. ജയ്‌സ്വാൾ പറഞ്ഞു.