ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. ഐഎംഎയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂർ സമരം തുടങ്ങി. ഞായറാഴ്ച രാവിലെ ആറ് മണി വരെയാണ് ഡോക്ടർമാരുടെ പണിമുടക്ക്, മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഒപി പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകൾ, തീവ്രപരിചരണ വിഭാഗം എന്നിവിടങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉണ്ടാകും. സംസ്ഥാനത്തെ മെഡിക്കൽ പിജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം നടക്കുന്നുണ്ട്.
ജോലിസ്ഥലത്ത് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം ഉൾപ്പെടെ അഞ്ച് ആവശ്യങ്ങളാണ് പ്രധാനമായും ഐഎംഎ മുന്നോട്ട് വയ്‌ക്കുന്നത്. റസിഡന്റ് ഡോക്ടർമാരുടെ ജോലിയിലുള്ള പരിഷ്‌കരണവും ഇവർ ആവശ്യപ്പെടുന്നുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ കുറ്റകൃത്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നീതി നടപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.
വിമാനത്താവളത്തിന് സമാനമായ രീതിയിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കണമെന്നതാണ് മറ്റൊരു ആവശ്യം. ഇതുവഴി ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, സിസിടിവി ക്യാമറകൾ സ്ഥാപിക്കുക, ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുക എന്നീ ആവശ്യങ്ങളും ഐഎംഎ മുന്നോട്ട് വയ്‌ക്കുന്നു. വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധ സമരങ്ങൾ സംസ്ഥാനത്തിന് പുറത്തേക്കും ശക്തമായി തന്നെ വ്യാപിക്കുന്ന കാഴ്‌ച്ചയാണ് ഇപ്പോഴുള്ളത്. കൊൽക്കത്തയ്‌ക്ക് പുറമെ ഡൽഹി, മുംബൈ, ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം ഇന്നലെ പ്രതിഷേധ സമരങ്ങൾ നടന്നു.















