കൊൽക്കത്ത: ആർജി കാർ കോളേജിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് സിബിഐ കസ്റ്റഡിയിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സന്ദീപിനെ സിബിഐ കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ടോടെയായിരുന്നു ചോദ്യം ചെയ്യലിനായി സന്ദീപ് സിബിഐ ഓഫീസിലെത്തിയത്.
കൂടുതൽ അറസ്റ്റുകളിലേക്ക് സിബിഐ കടക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സന്ദീപിനെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. സന്ദീപിനെ എല്ലാ പദവികളിൽ നിന്നും നീക്കം ചെയ്യണമെന്നും കൊലപാതകത്തിൽ ഇയാൾക്കെന്തെങ്കിലും പങ്കുണ്ടോയെന്ന് വിശദമായി പരിശോധിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.
തൃണമൂൽ കോൺഗ്രസുമായി അടുത്തബന്ധമുള്ള ആളാണ് സന്ദീപ് ഘോഷ്. യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായതായി ഡോക്ടർമാർ ആരോപിച്ചു. സന്ദീപിനെതിരായി യുവതിയുടെ മാതാപിതാക്കളും സിബിഐക്ക് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ശേഷം ഇയാളെ സിബിഐ കസ്റ്റഡിയിലെടുത്തത്.
അതേസമയം രാജ്യവ്യാപകമായി ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെയും പ്രതിഷേധം തുടരുകയാണ്. വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഡോക്ടർമാരുടെ പ്രതിഷേധ സമരം നടക്കുകയാണ്. അത്യാഹിത വിഭാഗം, പ്രസവ മുറി, അടിയന്തര ശസ്ത്രക്രിയാ വിഭാഗം എന്നിവിടങ്ങളിൽ മാത്രം ഡോക്ടർമാരുടെ സേവനം ലഭ്യമാകുമെന്നും ഡോക്ടർമാർ അറിയിച്ചു.















