ഹൈദരബാദ്: അച്ഛനെ ആക്രമിക്കുന്നത് കണ്ട 14 കാരി കുഴഞ്ഞുവീണു മരിച്ചു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലാണ് ദാരുണസംഭവം നടന്നത്. സോമയ്യയുടെ മകൾ കാസം പവനിയാണ് മരിച്ചത്.
കൃഷിഭൂമിയുമായി ബന്ധപ്പെട്ട് സോമയ്യയും ചില പ്രദേശവാസികളും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നംഗ സംഘം ആക്രമിക്കാൻ എത്തിയത്. മകളുടെ മുന്നിൽ വെച്ച് ഇവർ ഇരുമ്പ് വടികൊണ്ട് സോമയ്യയെ മർദ്ദിക്കുകയായിരുന്നു. ഇത് കണ്ട പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞ് വീഴുകയും മരണപ്പെടുകയും ചെയ്തു. സൂര്യപേട്ടയിലെ സ്വകാര്യ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് പവനി.
കദരി സെയ്ദുലു, കാദരി സോമയ്യ, കാസം കലിംഗം എന്നിവരാണ് അക്രമികളെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) സെക്ഷൻ 109 (കൊലപാതകശ്രമം), 55 (പ്രേരണ) എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.