ന്യൂഡൽഹി: പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നതിലും ആശയങ്ങൾ നടപ്പാക്കുന്നതിലും ഇന്ത്യ ഇപ്പോൾ മുൻനിരയിലാണെന്ന് അമേരിക്കൻ വ്യവസായിയും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്സ്. സിയാറ്റിലിൽ പുതിയതായി ആരംഭിച്ച ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം.
രണ്ടായിരത്തിലധികം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. സാങ്കേതികവിദ്യ, കൃഷി, ആരോഗ്യം എന്നീ മേഖലകളിൽ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നതിലും ആശയങ്ങൾ നടപ്പിലാക്കുന്നത് ഇന്ത്യ ഇന്ന് ആഗോളതലത്തിൽ തന്നെ മുൻനിരയിലാണെന്ന് അദ്ദേഹം പ്രശംസിച്ചു. ” കുറഞ്ഞ വിലയിൽ വാക്‌സിനുകൾ നിർമ്മിക്കുന്നത് മുതൽ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൽ വരെ ഇന്ത്യയുടെ മുന്നേറ്റം ശ്രദ്ധേയമാണ്. ഇന്ത്യയുടെ ഈ കഴിവ് അവിടെ ഉള്ളവരെ മാത്രമല്ല, ലോകത്തെ മുഴുവൻ സഹായിക്കുന്നു. നിരവധി രാജ്യങ്ങളാണ് ഇന്ത്യയുടെ ഈ കഴിവ് പ്രയോജനപ്പെടുത്തുന്നതെന്നും” ബിൽ ഗേറ്റ്‌സ് പറയുന്നു.
നാനാത്വത്തിൽ ഏകത്വം എന്ന ആശയം മുൻനിർത്തിയുള്ള സാംസ്‌കാരിക കലാപ്രകടനങ്ങളും ചടങ്ങിലെ മുഖ്യ ആകർഷണമായി. സിയാറ്റിൽ, ബെല്ലെവ്യൂ എന്നിവിടങ്ങളിലെ ചരിത്രപ്രധാനമായ കെട്ടിടങ്ങളിലെല്ലാം ദേശീയ പതാകയുടെ നിറങ്ങൾ പ്രദർശിപ്പിച്ചിരുന്നു. കിംഗ് കൗണ്ടി, ബെല്ലെവ്യു സിറ്റി, പോർട്ടലാൻഡ്, ഹിൽസ്‌ബോറോ, ടിഗാർഡ് എന്നീ സിറ്റി കൗൺസിലുകളും അതാത് മേഖലകളിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.















