മാസ്മരിക പ്രകടനത്തിലൂടെ ജനഹൃദയങ്ങളെ ആകർഷിച്ച കാന്താര ചിത്രത്തിനായി തനിക്ക ലഭിച്ച ദേശീയ അവാർഡ് അന്തരിച്ച കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന് സമർപ്പിച്ച് ഋഷഭ് ഷെട്ടി. തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ച അദ്ദേഹം അവാർഡ് പുനീതിനൊപ്പം ദൈവിക, ദൈവ നർത്തകർക്കും (ദൈവസേവനത്തിനായി സമർപ്പിക്കപ്പെട്ട നർത്തകർ) സമർപ്പിക്കുന്നുവെന്ന് വ്യക്തമാക്കി.
“ഈ അവാർഡ് പുനീത് രാജ്കുമാറിനും കന്നഡക്കാർക്കും ദൈവനർത്തകർക്കും സമർപ്പിക്കുന്നു എന്നാണ് ഞാൻ ആദ്യം മുതൽ പറയുന്നത്. ഹോംബാലെ ഫിലിംസിന്റെ ‘കാന്താര’ എന്ന സിനിമയുടെ ടീമിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഹോംബാലെ പ്രൊഡക്ഷൻസിന് നാല് അവാർഡുകൾ ലഭിച്ചു,അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഞാൻ ആവേശഭരിതനായി. കന്നഡ സിനിമാ വ്യവസായം വലിയ തോതിൽ വളരുകയാണ്, അതുകൊണ്ടാണ് ഇന്ന് ഈ അവാർഡ് വന്നത്. സിനിമാ ടീമിലെ എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നു. സിനിമയിൽ വസ്ത്രാലങ്കാരം നടത്തിയ എന്റെ ഭാര്യ പ്രജ്ഞാ ഷെട്ടിയും ഈ വിജയത്തിന് നിർണായകമായിരുന്നു ” ഋഷഭ് ഷെട്ടി പറഞ്ഞു.
“അജനീഷ് ലോക്‌നാഥിന്റെ സംഗീതവും വളരെ പ്രധാനപ്പെട്ടതായിരുന്നു. സിനിമയുടെ എല്ലാ അഭിനേതാക്കളോടും സാങ്കേതിക പ്രവർത്തകരോടും പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസിനും ഞാൻ നന്ദി പറയുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.ദേശീയ അവാർഡ് നേടിയതിന് ശേഷം ആദ്യമായി ആശംസ അറിയിച്ചത് തന്റെ ഭാര്യയാണെന്നും തന്റെ മകളെ ‘ലക്ഷ്മി ദേവി’ എന്നാണ് വിളിച്ചതെന്നും താരം വെളിപ്പെടുത്തി.
“ആളുകൾ സിനിമ ഇഷ്ടപ്പെടുമ്പോൾ നമ്മുടെ ഉത്തരവാദിത്തം കൂടും. ഒരു അവാർഡ് വരുമ്പോൾ ഉത്തരവാദിത്തം കൂടുതൽ കൂടും. അവാർഡ് കിട്ടിയപ്പോൾ ആദ്യം ആശംസിച്ചത് എന്റെ ഭാര്യ പ്രജ്ഞയാണ്, അവൾ വളരെ സന്തോഷിച്ചു. കെജിഎഫ് ചാപ്റ്റർ 1, 2 ഫെയിം യാഷ് സാറും എന്നെ അഭിനന്ദിക്കാൻ വിളിച്ചിരുന്നു. എന്റെ മകൾ വന്നപ്പോൾ അവൾ ലക്ഷ്മി ദേവിയെപ്പോലെയായിരുന്നുവെന്ന് എല്ലാവരും പറഞ്ഞു. ഇപ്പോഴിതാ വരമഹാലക്ഷ്മി ഉത്സവത്തോടെ ആ സന്തോഷം ഇരട്ടിയായി” അദ്ദേഹം പറഞ്ഞു.















