ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ ജനാധിപത്യ രാജ്യമായി ഇന്ത്യ ഉയർന്നുവന്നിരിക്കുന്നുവെന്നും തന്റേത് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പ്രചോദനം നൽകുന്നതാണെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ. ജനങ്ങളിൽ വേരൂന്നിയതും സജീവമായ ഉഭയകക്ഷി സഹകരണത്തിലൂടെ ശക്തവുമാണ് മാലദ്വീപും ഇന്ത്യയും തമ്മിലുള്ള ദീർഘകാല പങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സമീർ.
ജനങ്ങളുടെ നന്മയ്‌ക്കായി ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ സഹകരണം നില നിർത്താൻ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിഞ്ജാബദ്ധമാണെന്നും മൂസ സമീർ വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ് ജയശങ്കർ അടുത്തിടെ മാലദ്വീപ് സന്ദർശിച്ചിരുന്നു. ചൈനീസ് അനുകൂല നേതാവ് മുഹമ്മദ് മുയിസു അധികാരമേറ്റ ശേഷമുള്ള ജയശങ്കറിന്റെ മൂന്ന് ദിവസത്തെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ സഹായകമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി മുഹമ്മദ് മുയിസു ന്യൂഡൽഹി സന്ദർശിച്ചിരുന്നു. അതേസമയം സ്വാതന്ത്ര്യ ദിന ചടങ്ങിൽ മുഖ്യാതിഥിയാകാൻ കഴിഞ്ഞത് ഒരു ബഹുമതിയായി വിശേഷിപ്പിച്ച മാലദ്വീപ് വിദേശകാര്യമന്ത്രി ചടങ്ങിന് ശേഷം എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെ മുഹമ്മദ് മുയിസു സർക്കാരിനും മാലദ്വീപ് ജനതയ്‌ക്കും വേണ്ടി ഇന്ത്യയ്‌ക്ക് ഊഷ്മളമായ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.















