ഭുവനേശ്വർ: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഏവരേയും ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. സമൂഹത്തിലെ വളരെ വലിയ പ്രശ്നമാണിതെന്നും, പൊതുജനങ്ങളുടെ ആശങ്കയെ ആണ് ഇത് പ്രതിധ്വനിപ്പിക്കുന്നതെന്നും കിരൺ റിജിജു വ്യക്തമാക്കി. ഭുവനേശ്വറിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ബംഗാളിൽ നടന്ന സംഭവം ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷയിലുള്ള ആശങ്ക വർദ്ധിപ്പിക്കുന്നതായണ്. ഇതൊരിക്കലും ഡോക്ടർമാരിലും നഴ്സുമാരിലും മാത്രം ഒതുങ്ങുന്ന ഒരു പ്രശ്നമല്ല. രാജ്യം മുഴുവനുമുള്ള ഒരു വിപത്താണിത്. സമൂഹത്തിന്റെ ഒന്നാകെ സുരക്ഷയുടെ പ്രശ്നമാണിത്. എല്ലാവരിലും ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. സാധാരണക്കാരായ ജനങ്ങളിൽ പോലും വളരെ അധികം ആശങ്കയുണ്ടെന്നും” കിരൺ റിജിജു പറയുന്നു.
കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തുവെന്നും, അവരിൽ പൂർണമായ വിശ്വാസം അർപ്പിക്കണമെന്നും ബിജെപി ബംഗാൾ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാർ പറയുന്നു. ” സിബിഐ ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തും. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ നശിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. ചില തെളിവുകൾക്ക് ആയുസ്സ് കുറവാണ്. അവ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തന്നെ ശേഖരിക്കപ്പെടണമെന്നും” സുകാന്ത മജുംദാർ പറയുന്നു.
അതേസമയം കൊല്ലപ്പെട്ട യുവതിക്ക് നീതി ലഭിക്കണമെന്നും, സുരക്ഷാ നിയമങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ രാജ്യവ്യാപകമായി നടത്തുന്ന സമരം തുടരുകയാണ്. അടിയന്തര സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ ആറ് മണി വരെ സമരം തുടരും. ജോലിസ്ഥലത്ത് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം ഉൾപ്പെടെ അഞ്ച് ആവശ്യങ്ങളാണ് പ്രധാനമായും ഐഎംഎ മുന്നോട്ട് വയ്‌ക്കുന്നത്.















