ഓരോ ചിത്രങ്ങളും മനുഷ്യന്റെ ജീവിതത്തിന്റെ സങ്കീർണതകളുമായി ബന്ധപ്പെട്ട് കിടക്കുന്നു. അത്തരം സങ്കീർണതകൾ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുമ്പോൾ അത് സിനിമാ പ്രേമികൾ ഏറ്റെടുക്കുമെന്നതിന് മികച്ച ഉദാഹരണങ്ങളാണ് ആടുജീവിതവും, തന്മാത്രയും, ഭ്രമരവുമെല്ലാം. പ്രവാസജീവിതത്തിന്റെ നൊമ്പരക്കാഴ്ചകൾ ആടുജീവിതത്തിലൂടെ പ്രേക്ഷകന് മുന്നിലെത്തിച്ചപ്പോൾ സിനിമ പൂർത്തികരിക്കുന്നതിൽ നേരിട്ട വെല്ലുവിളികളാണ് ഇപ്പോൾ സംവിധായകൻ ബ്ലെസി വ്യക്തമാക്കുന്നത്.
സിനിമയുടെ അവസാന രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്താണ് യഥാർത്ഥ നജീബുമായി പൃഥ്വിരാജ് നേരിട്ട് കാണുന്നതും സംസാരിക്കുന്നതും. എന്നാൽ സിനിമയിൽ ഉടനീളം യഥാർത്ഥ നജീബായി അദ്ദേഹം ജീവിക്കുകയായിരുന്നു. ഗോകുലും അത് പോലെ തന്നെ. ശരീര ഭാരം കുറച്ചും കൂട്ടിയുമൊക്കെയായി ഒരുപാട് വെല്ലുവിളികളാണ് അവർ നേരിട്ടത്. ഇരുവരും അവരുടെ കഥാപാത്രങ്ങൾ അതിഗംഭീരമായി ചെയ്തു. അതിന് കിട്ടിയ അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിലെ അവസാന രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് ആശുപത്രിയിലായതും നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം പങ്കുവച്ചു. ശാരീരികമായും മാനസികമായും ഒരുപാട് വെല്ലുവിളികൾ നേരിട്ട് ചിത്രീകരിച്ച സിനിമയാണ് ആടുജീവിതം.
ചിത്രത്തിന്റെ അവസാന രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്താണ് ശാരീരികാസ്വസ്ഥതകൾ നേരിട്ട് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ തിരിച്ച് നാട്ടിലെത്തിയിട്ടും തനിക്ക് ചുറ്റും മണൽ നിറഞ്ഞു കിടക്കുന്നതുപോലെയാണ് അനുഭവപ്പെട്ടതെന്നും ആ ഫോബിയയിൽ നിന്നും കരകയറാൻ സമയമെടുത്തുവെന്നും ബ്ലെസി വ്യക്തമാക്കി.