ഒരുപാട് പ്രതീക്ഷകൾ നെയ്ത് നാട്ടിൽ നിന്നും വിമാനം കയറി ഒടുവിൽ അകപ്പെട്ടത് ക്രൂരനായ അറബിയുടെ പക്കൽ! മണലാരണ്യത്തിൽ ഒറ്റപ്പെട്ടുപോയ നജീബിന്റെ ഹൃദയസ്പർശിയായ കഥ പറഞ്ഞ ആടുജീവിതത്തിന് ലഭിച്ചത് 9 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ. പ്രേക്ഷകരുടെ ഉള്ളം തൊട്ട സിനിമയുടെ കൂടുതൽ വിശേഷങ്ങൾ ഇപ്പോൾ ജനംടിവിയുമായി പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ബ്ലെസി.
ആടുജീവിതത്തിന്റെ ദൃശ്യസാധ്യതകൾ മുന്നിൽ കണ്ടാണ് നോവൽ സിനിമയാക്കാമെന്ന ചിന്ത മനസിലേക്ക് കടന്നു വന്നത്. നോവൽ വായിക്കുമ്പോൾ മണലിലൂടെ ആയിരക്കണക്കിന് പാമ്പുകൾ വരുന്നതും മണൽക്കാറ്റ് വീശുന്നതും നമ്മുടെ ചിന്തകളിലേക്ക് വരും. എന്നാൽ ഇതെങ്ങനെ ഫ്രെയിമുകളിലേക്ക് വരുത്തുമെന്ന് ആലോചിക്കുമ്പോഴാണ് മികച്ച സിനിമകൾക്ക് തുടക്കമാവുന്നത്. ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്ത സിനിമയാണ് ആടുജീവിതം. എന്നാൽ ഓരോ സീനുകളും മികച്ചതാക്കാൻ സിനിമയിൽ പ്രവർത്തിച്ച എല്ലാവരും പരമാവധി ശ്രമിച്ചിട്ടുണ്ട്.
നോവലിൽ പ്രവാസ ജീവിതത്തെ കുറിച്ചും ഒറ്റപ്പെട്ടു പോയ മനുഷ്യന്റെ ജീവിതവുമാണ് പ്രതിപാദിച്ചതെങ്കിൽ സിനിമയിലേക്ക് വരുമ്പോൾ അതിൽ അതിജീവനത്തിന്റെ കഥയായാണ് മാറുന്നത്. ആറ്, ഏഴ് ദിവസം മരുഭൂമിയിൽ ഒറ്റപ്പെട്ടു പോവുകയും കുടിക്കാൻ ഒരു തുള്ളി വെള്ളത്തിനായി അലയുകയും ചെയ്യുന്നയിടത്താണ് അതിജീവനം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നത്. ജീവിക്കാനുള്ള ആർത്തിയും മോഹവുമാണ് അതിലൂടെ സൂചിപ്പിക്കുന്നത്. ഇന്ന് നിസാര കാര്യങ്ങൾക്ക് പോലും നിരാശയും അസ്വസ്ഥതയും തോന്നുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. എന്നാൽ പ്രയാസങ്ങൾ നേരിടുമ്പോഴാണ് അതിജീവനം സാധ്യമാവുകയുള്ളൂവെന്നും ബ്ലെസി പറഞ്ഞു.