ആലപ്പുഴ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിനോ, സാംസ്കാരിക വകുപ്പിനോ യാതൊരു പങ്കുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. വിവരാവകാശ കമ്മീഷൻ കൃത്യമായ തീരുമാനമെടുക്കുമെന്നും ആ തീരുമാനത്തിൽ വ്യക്തികളെ പരാമർശിക്കുന്ന ഭാഗം ഒഴികെ ബാക്കിയുള്ള ഭാഗം പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെ ഒരു സർക്കാരും എതിർത്തിട്ടില്ല. റിപ്പോർട്ട് പുറത്തുവിടുന്നതിൽ പൂർണമായും യോജിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. വിവരാവകാശ കമ്മീഷൻ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച കാര്യങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. എല്ലാം പരിശോധിച്ച ശേഷമായിരിക്കും റിപ്പോർട്ട് പുറത്തുവിടുക.
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് റിപ്പോർട്ട് പുറത്തുവിടേണ്ടത്. അതിൽ സാംസ്കാരിക വകുപ്പിനും സിനിമാ വകുപ്പിനും സർക്കാരിനും ഒരു പങ്കുമില്ല. കോടതി പറയുന്നത് എന്നാണോ അപ്പോഴായിരിക്കും റിപ്പോർട്ട് പുറത്തുവിടുന്നത്. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥർ കൃത്യമായി ഇതിൽ ഇടപെടും. എസ്പിഐഒ (സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ) അത് കൃത്യമായി ചെയ്തില്ലെങ്കിൽ കോടതി ചോദ്യം ചെയ്യും. അതിൽ സർക്കാർ ഇടപെടേണ്ടതില്ലെന്നും സജി ചെറിയാൻ പറഞ്ഞു.















