ബെംഗളൂരു: മുഡ ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ താവർചന്ദ് ഗെലോട്ട്. മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ സ്ഥലം കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സാമൂഹ്യ പ്രവർത്തകരായ ടി. ജെ എബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നിവർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നീക്കം.
1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, സെക്ഷൻ 218 പ്രകാരമാണ് സിദ്ധരാമയ്യയ്‌ക്കെതിരെ പ്രോസിക്യൂഷന് ഗവർണർ അനുമതി നൽകിയത്. സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യേറിയെന്നാണ് ആരോപണം. പാർവ്വതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമായിട്ടാണെന്നും, സർക്കാർ ഖജനാവിന് ഇത് 45 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് ലോകായുക്തയിൽ എബ്രഹാം നൽകിയ പരാതിയിൽ പറയുന്നത്. സിദ്ധരാമയ്യക്കും ഭാര്യ പാർവ്വതിക്കും പുറമെ മകൻ എസ് യതീന്ദ്ര, മൂഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് എബ്രഹാം പരാതി നൽകിയത്.
ഗവർണർ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നൽകിയെന്ന വാർത്ത മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. നീക്കത്തെ ബിജെപി സ്വാഗതം ചെയ്തു. കോൺഗ്രസ് സർക്കാരിന്റെ അഴിമതികൾക്കും മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് വേണ്ടിയുള്ള പക്ഷപാതപരമായ തീരുമാനങ്ങൾക്കും കിട്ടിയ തിരിച്ചടിയാണിതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. ഭൂമി കുംഭകോണ കേസിൽ മൂഡയിലെ ഉന്നത ഉദ്യോഗസ്ഥർക്കും വലിയ പങ്കുണ്ടെന്ന് സ്‌നേഹമയി കൃഷ്ണയും ആരോപിച്ചു.















