70-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഒരുപിടി അവാർഡുകളാണ് മലയാള ചലച്ചിത്ര സിനിമാ ലോകം സ്വന്തമാക്കിയത്. ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് തുടങ്ങി എല്ലാ സിനിമാ മേഖലകളെയും പിന്നിലാക്കി മികച്ച ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയതും മലയാള സിനിമ തന്നെ. അതിന് വഴിയൊരുക്കിയതാകട്ടെ ആനന്ദ് ഏകർഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ ആട്ടവും’.
മികച്ച ചിത്രത്തിനുള്ള അവാർഡ് കൂടാതെ മികച്ച തിരക്കഥക്കും എഡിറ്റിംഗിനുമുള്ള അവാർഡും സ്വന്തമാക്കിയത് ആട്ടം തന്നെയാണ്. ദേശീയ ചലച്ചിത്ര അവാർഡിന്റെ നിറവിൽ ആട്ടം നിൽക്കുമ്പോൾ ജേതാക്കളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഐക്കൺ സ്റ്റാർ അല്ലു അർജുൻ.
സംവിധായകനും തിരക്കഥാകൃത്തുമായ ആനന്ദ് ഏകർഷിയെയും എഡിറ്റർ മഹേഷ് ഭൂവനേന്ദിനെയും അല്ലുഅർജുൻ പ്രശംസിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ആട്ടം ടീമിനും താരം ആശംസകളും അറിയിച്ചു. എക്‌സ് അക്കൗണ്ടിലൂടെയാണ് അല്ലു അർജുൻ ടീമിന് ആശംസകൾ നേർന്ന് രംഗത്തെത്തിയത്. മുൻ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് അല്ലു അർജുൻ. പുഷ്പ 2 ആണ് അടുത്തതായി താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.
ഇരട്ടത്താപ്പ് എന്ന പ്രമേയത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമയാണ് ആട്ടം. വ്യത്യസ്ത സാഹചര്യങ്ങളിൽ പുരുഷന്മാർക്ക് ഒരു സ്ത്രീയോട് തോന്നുന്ന സമീപനത്തെയാണ് സിനിമ ചൂണ്ടിക്കാട്ടിയത്. വിനയ് ഫോർട്ട്, സറീൻ ഷിഹാബ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.















