തെക്കൻ കാലിഫോർണിയയുടെ തീരത്ത് ‘ഡൂംസ്‌ഡേ ഫിഷ്’ എന്ന് അറിയപ്പെടുന്ന അപൂർവ ഓർഫിഷിനെ കണ്ടെത്തി. ചത്ത മത്സ്യത്തെയാണ് ഓഗസ്റ്റ് 10-ആം തീയതി ലഭിച്ചത്. സാൻ ഡിയാഗോയിലെ ലാ ജോല്ല കോവിന് സമീപം ജഡം പൊങ്ങിക്കിടക്കുന്നത് നാട്ടുകാർ കാണുകയായിരുന്നു. ഏകദേശം 125 വർഷത്തിനിടെ കാലിഫോർണിയയിൽ കണ്ടെത്തിയ 20-ാമത്തെ ഡൂംസ്‌ഡേ മത്സ്യമാണിത്.
ചത്തുപൊങ്ങിയ മത്സ്യത്തെ കണ്ടതോടെ നാട്ടുകാർ ഭയത്തിലാണ്. സാധാരണയായി “ഡൂംസ്ഡേ” മത്സ്യത്തെ കാണാൻ കഴിയുന്നത് ദുരന്ത സമയങ്ങളിലാണെന്നാണ് പറയപ്പെടുന്നത്. ജാപ്പനീസ് വിശ്വാസമനുസരിച്ച് വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയാണ് ഡൂംസ്ഡേ മത്സ്യം. “സമുദ്രദേവന്റെ കൊട്ടാരത്തിൽ നിന്നുള്ള സന്ദേശവാഹകൻ” എന്നാണ് ഈ മത്സ്യം അറിയപ്പെടുന്നത്. സുനാമിയെപ്പറ്റിയും ഭൂകമ്പത്തെക്കുറിച്ചും മുന്നറിയിപ്പ് നൽകാൻ മത്സ്യം പ്രത്യക്ഷപ്പെടുന്നു എന്നതാണ് വിശ്വാസം.
സാൻ ഡീഗോയിലെ കാലിഫോർണിയ സർവകലാശാലയിലെ സ്‌ക്രിപ്‌സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫിയുടെ വക്താവ് ലോറൻ ഫിംബ്രസ് വുഡാണ് അസാധാരണമായ കണ്ടെത്തൽ റിപ്പോർട്ട് ചെയ്തത്. ഓർഫിഷിനെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷനിലേക്ക് (NOAA) പരിശോധനയ്‌ക്കായി കൊണ്ടുപോകാൻ ശാസ്ത്രജ്ഞരും ലൈഫ് ഗാർഡുകളും തീരുമാനിച്ചു.
സമുദ്രത്തിന്റെ ഏറ്റവും അടിത്തട്ടിലാണ് ഓർഫിഷ് സാധാരണയായി വസിക്കുന്നത്. ഉപരിതലത്തിൽ നിന്ന് 700 മുതൽ 3,280 അടി വരെ താഴെ. അതിനാൽ തന്നെ ഉപരിതലത്തിനടുത്ത് നിന്നും വളരെ അപൂർവമായ ഇവയെ കണ്ടെത്താൻ സാധിക്കാറുള്ളൂ. ദുരന്തം വരുന്നതിന്റെ സൂചനയല്ല, മോശമായ ആരോഗ്യാവസ്ഥയിലായിരിക്കുമ്പോൾ മാത്രമാണ് ഈ മത്സ്യം ഉപരിതലത്തിലേക്ക് പൊങ്ങി വരുന്നതെന്ന് ഗവേഷകർ പറഞ്ഞു.