കിരീടം സിനിമയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ഉഷ. സേതുമാധവന്റെ സഹോദരിയായി എത്തിയ ഉഷയുടെ കഥാപാത്രം അത്ര പെട്ടന്ന് മലയാളികൾക്ക് മറക്കാൻ കഴിയില്ല. അക്കാലത്ത് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ഉഷ പിന്നീട് സിനിമകളിൽ നിന്ന് ഒതുങ്ങിപ്പോയിരുന്നു. തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടതിൽ നടൻ മമ്മൂട്ടിക്ക് വലിയ പങ്കുണ്ടെന്നും അവർ ഈയിടെ വെളിപ്പെടുത്തു. ഉഷയുടെ ആരോപണം വലിയ വിവാദമാവുകയും ചെയ്തു. എന്നാൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് താരം. അടുത്തിടെ ആനീസ് കിച്ചൺ എന്ന പരിപാടിയിലേക്ക് അതിഥിയായി എത്തിയപ്പോഴായിരുന്നു ഉഷയുടെ തുറന്നുപറച്ചിൽ.
“ഞാനൊരു ഇന്റർവ്യൂ കൊടുത്തിരുന്നല്ലോ.. അതാകെ വൈറലായി.. ആ വൈറൽ വീഡിയോയുടെ താഴെ വരുന്ന കമന്റുകൾ കാണണമായിരുന്നു. മമ്മൂട്ടിയെന്ന നടന്റെ ഈഗോ കാരണം അവസരം നഷ്ടപ്പെട്ട നടി എന്ന കമന്റുകളായിരുന്നു അധികവും. പുള്ളി എന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്നുള്ളത് വാസ്തവമാണ്. കാരണം സിനിമയുടെ ചർച്ച നടക്കുന്നതിനിടെ എന്റെ പേര് ഉയർന്നു വരുമ്പോൾ അദ്ദേഹം നിരാകരിച്ചുവെന്ന് എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്. ഈ ഫീൽഡിൽ ഉള്ളയാളുകളിൽ എനിക്ക് നല്ലപോലെ വിശ്വാസമുള്ളവരാണ് എന്നെ അക്കാര്യം അറിയിച്ചത്.
കുറേ ആവർത്തിച്ചപ്പോൾ എന്റെ വിഷമം ഞാൻ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു. നമുക്ക് പോയി ചോദിക്കാമെന്ന് പറഞ്ഞിട്ട് പുള്ളി എന്നെ വിളിച്ചു. ‘അമ്മ’യുടെ മീറ്റിംഗ് നടക്കുമ്പോഴാണ് അത് സംഭവിച്ചത്. പക്ഷെ, വേണ്ടെന്ന് ഞാൻ പറഞ്ഞു. പിന്നെ കുറേ പേർ പറഞ്ഞു, പൊന്നരഞ്ഞാണം എന്ന സിനിമയിൽ അഭിനയിച്ചതുകൊണ്ടാണ് അവസരം എനിക്ക് നഷ്ടപ്പെട്ടതെന്ന്.. ആ സിനിമയുടെ ഡയറക്ടറും തിരക്കഥാകൃത്തും വളരെ പേരുകേട്ടവരാണ്. അതുകണ്ടാണ് ആ സിനിമയിൽ അഭിനയിക്കാൻ പോയത്. പക്ഷെ, അതൊരു ചതിയായിരുന്നു.” – ഉഷ പറഞ്ഞു.















