തിരുവനന്തപുരം: തന്റെ പേരിൽ നിർമിച്ച ഇൻഡോർ സ്റ്റേഡിയം കാടുമൂടി കിടക്കുന്നത് തന്റെ പേരിന് തന്നെ കളങ്കമാണെന്ന് ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ്. സ്റ്റേഡിയം കാടുമൂടി കിടക്കുന്നത് കാണുമ്പോൾ എപ്പോഴും ഒരു വിഷമമാണെന്നും ശ്രീജേഷ് പറഞ്ഞു.
തന്നെ കൊണ്ട് നാടിന് എന്തെങ്കിലും വികസനം ഉണ്ടാകണമെന്നും നാടിനെ ലോകത്തെ അറിയിക്കണം എന്നൊക്കെയാണ് വിചാരിച്ചിരുന്നത്. സ്റ്റേഡിയത്തിന്റെ നിർമാണം തുടങ്ങിയപ്പോൾ ഒരുപാട് അഭിമാനമായിരുന്നു. തന്റെ നാട്ടിലേക്ക് വരുന്ന ഒരാൾ സ്റ്റേഡിയം കണ്ട് ഇത് ആരാണെന്ന് ചോദിക്കുമ്പോൾ തന്നെ കുറിച്ച് നാട്ടുകാർ പറയുന്നതൊക്കെ വലിയ സന്തോഷമാണ്. എന്നാൽ ഇപ്പോൾ സ്റ്റേഡിയം കാട് പിടിച്ചാണ് കിടക്കുന്നത്. ഒരു കാട് പ്രദേശമായാണ് സ്റ്റേഡിയം ഇപ്പോഴുള്ളത്. തന്റെ പേരിന് കിട്ടാവുന്ന ഏറ്റവും വലിയ കളങ്കമാണിതെന്നും പി ആർ ശ്രീജേഷ് പറഞ്ഞു.
ഒമ്പത് വർഷം മുമ്പാണ് കുന്നത്തുനാട് പഞ്ചായത്തിൽ പി ആർ ശ്രീജേഷിന്റെ പേരിൽ സ്റ്റേഡിയം നിർമിക്കാൻ തീരുമാനിച്ചത്. നാട്ടുകാർക്ക് ഏറെ പ്രതീക്ഷ നൽകിക്കൊണ്ടാണ് സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ തുടർ നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതാവസ്ഥയിലായതോടെ സ്റ്റേഡിയം കാട് പിടിക്കാൻ തുടങ്ങി. സ്റ്റേഡിയത്തിന്റെ നിർമാണം സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പഞ്ചായത്ത് പ്രസിഡന്റുമായി ചർച്ച ചെയ്ത് വേണ്ട നടപടി സ്വീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി അബ്ദുൾ റഹ്മാൻ പ്രതികരിച്ചു. ശ്രീജേഷിന്റെ വിഷമം സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹത്തിന് ഏറ്റവും നല്ല രീതിയിൽ പരിശീലനം നടത്താനുള്ള അക്കാദമി സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.