കൊൽക്കത്ത: സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കണമെന്ന് നേതാജിയുടെ ചെറുമകൻ ചന്ദ്രകുമാർ ബോസ്. ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിൽ നിന്ന് ഭൗതിക അവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് അഭ്യർത്ഥിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതി.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം ചരിത്രത്തിന്റെ താളുകളിലേക്ക് ഒതുങ്ങിയിരിക്കുന്നുവെന്ന് നേതാജിയുടെ ചെറുമകൻ പറഞ്ഞു. ഓഗസ്റ്റ് 18 അദ്ദേഹത്തിന്റെ ചരമ വാർഷികമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
“അദ്ദേഹത്തിന്റെ കാന്തിക വ്യക്തിത്വം, മനസ്സിന്റെ തിളക്കം, അസാധാരണമായ ധൈര്യം, നിസ്വാർത്ഥത, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അചഞ്ചലമായ സമർപ്പണം എന്നിവ നേതാജിയെ ഇന്ത്യയിലെ ജനങ്ങളുടെ മാത്രമല്ല, എല്ലായിടത്തും സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്ന ആളുകളുടെ ഹൃദയത്തിലും മനസ്സിലും അനശ്വര നായകനാക്കി,”ചന്ദ്രകുമാർ ബോസ് പറഞ്ഞു.
അതേസമയം വളരെ ദുരൂഹമായി തുടരുന്ന ഒന്നാണ് നേതാജിയുടെ മരണം സംബന്ധിച്ച വസ്തുതകൾ. 1945 ഓഗസ്റ്റിൽ ജാപ്പനീസ് സൈനിക വിമാനത്തിൽ തായ്‌വാനിൽ നിന്ന് പുറപ്പെട്ട സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടുവെന്നാണ് പൊതുവിൽ അംഗീകരിക്കുന്ന വസ്തുത. പല കാലഘട്ടങ്ങളിലായി സർക്കാർ നിയോഗിച്ച കമ്മീഷനുകൾ മരണത്തിലെ ദുരൂഹതകൾ അന്വേഷിച്ചുവെങ്കിലും പലരും പല നിഗമങ്ങളിലാണ് എത്തിച്ചേർന്നത്.