കൊച്ചി: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കമ്മിറ്റിയുടെ ശുപാർശകൾ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം. ഒപ്പം വരുംതലമുറയ്‌ക്ക് നിർഭയമായി പ്രവർത്തിക്കാനും ഇത് പ്രയോജനപ്പെടും ജനപ്രതിനിധിയെന്ന നിലയിൽ റിപ്പോർട്ടിനെക്കുറിച്ച് പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.
ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവരാനിരിക്കെ വീണ്ടും തടസം നേരിട്ടിരുന്നു. നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് റിപ്പോർട്ട് പുറത്തുവിടുന്ന തീയതി സർക്കാർ നീട്ടിവച്ചത്. ഹേമാ കമ്മിറ്റിക്ക് താൻ മൊഴി നൽകിയിരുന്നുവെന്നും അത് എപ്രകാരമാണ് റിപ്പോർട്ടിൽ വന്നിരിക്കുന്നതെന്ന് അറിയാനുള്ള അവകാശം തനിക്കുണ്ടെന്നും രഞ്ജിനി പറഞ്ഞു.
റിപ്പോർട്ടിലുള്ള തന്റെ മൊഴിപ്പകർപ്പ് കണ്ട് ബോധ്യപ്പെട്ടതിന് ശേഷം റിപ്പോർട്ട് പ്രസിദ്ധീകരിക്കാം എന്നുമായിരുന്നു രഞ്ജിനിയുടെ ആവശ്യം. ഹർജിയിൽ നാളെയാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വാദം കേൾക്കുക. ഇതിന് ശേഷമായിരിക്കും റിപ്പോർട്ട് പുറത്തുവിടുന്ന പുതിയ തീയതിയുടെ കാര്യത്തിൽ തീരുമാനമുണ്ടാവുക. നേരത്തെ നിർമാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് റിപ്പോർട്ട് പുറത്തുവിടുന്നതിൽ സ്റ്റേ ഉണ്ടായിരുന്നു. ഹർജിയിൽ വാദം പൂർത്തിയായ ശേഷം സജിമോന്റെ വാദം തള്ളിയതിനെ തുടർന്നാണ് സ്റ്റേ നീങ്ങുകയും റിപ്പോർട്ട് പുറത്തുവിടുന്നതിലേക്ക് വീണ്ടുമെത്തുകയും ചെയ്തത്. എന്നാൽ ഇതോടെയായിരുന്നു നടി രഞ്ജിനിയുടെ നീക്കം.















