തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം മടക്കി കോടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. റിപ്പോർട്ട് അപൂർണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ആറ് വർഷങ്ങൾക്ക് ശേഷമായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. രണ്ട് ദിവസം മുൻപായിരുന്നു കോടതിയിൽ കുറ്റപത്രമെത്തിയത്.
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രം മുറിച്ച കേസും ഗംഗേശാനന്ദ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന പരാതിയിന്മേലുള്ള കേസും നിലനിൽക്കുന്ന സാഹചര്യത്തിൽ ബലാത്സംഗക്കേസിലെ കുറ്റപത്രമാണ് കോടതിയിലെത്തിയത്. വീട്ടിലേക്ക് പൂജയ്‌ക്ക് വന്നിരുന്ന ഗംഗേശാനന്ദ പലപ്പോഴായി പീഡിപ്പിച്ചുവെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ച് ആറ് വർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചതായിരുന്നു ക്രൈംബ്രാഞ്ച്. എന്നാലിത് അപൂർണമാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു കോടതി. സീൻ മഹസർ അടക്കമുള്ള പ്രധാനപ്പെട്ട രേഖകൾ കുറ്റപത്രത്തിൽ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ തിരുത്തി വൈകാതെ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവബഹുലമായ കേസിൽ പെൺകുട്ടി മൊഴി മാറ്റിയത് വലിയ ചർച്ചയായിരുന്നു. 2017 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്വാമി ഗംഗേശാനന്ദയെ ജനനേന്ദ്രിയം മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ പൂജയ്‌ക്കായി വന്നപ്പോൾ സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും അപ്പോഴാണ് ജനനേന്ദ്രിയം മുറിച്ചതെന്നുമായിരുന്നു പെൺകുട്ടി ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് ഇത് തിരുത്തി. സ്വാമി പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി പറയുകയും ചെയ്തു. ഗംഗേശാനന്ദയുടെ മുൻ അനുയായി ആവശ്യപ്പെട്ട പ്രകാരമാണ് സ്വാമിയെ ഉപദ്രവിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ എന്നാൽ തിരുത്തിയ മൊഴി ക്രൈംബ്രാഞ്ച് മുഖവിലയ്‌ക്ക് എടുത്തിരുന്നില്ല.















