സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. സുരേഷ് ഗോപിയുടെ 250-ആം (SG250) സിനിമയാണ് ഉടൻ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് പുതിയ സിനിമ നിർമ്മിക്കുന്നത്. നേരത്തെ ‘ഒറ്റക്കൊമ്പൻ’ എന്ന പേരിൽ സുരേഷ് ഗോപിയുടെ 250 ആം ചിത്രം പ്രഖ്യാപിച്ചിരുന്നു. ഇതുതന്നെയായിരിക്കാം സിനിമയെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് അഭിനേതാക്കളെ തേടിയുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.
മധ്യതിരുവിതാംകൂർ നിവാസികൾക്ക് മുൻഗണന എന്നു പറഞ്ഞു കൊണ്ടാണ് പോസ്റ്റർ. മാത്രമല്ല, പാലായിലെ കുരിശുപള്ളിയും പോസ്റ്ററിൽ കാണാം. ഇതോടെയാണ് സിനിമ ‘ഒറ്റക്കൊമ്പൻ’ തന്നെയാണെന്ന് സിനിമ പ്രേമികൾ വിലയിരുത്തുന്നത്. ഒറ്റക്കൊമ്പനിൽ നിന്നും ടോമിച്ചൻ മുളകുപാടം പിന്മാറിയോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്തുതന്നെയായാലും ഇരട്ടചങ്കുള്ള പാലാക്കാരൻ അച്ചായനായി സുരേഷ് ഗോപി എത്തുന്നു എന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
16-18 വയസ്സിനിടയിലുള്ള ഇരട്ടകളായ പെൺകുട്ടികളെയും 14-20 വയസ്സുള്ള പെൺകുട്ടികളെയും 10-14 വയസ്സുള്ള ആൺകുട്ടികളെയുമാണ് എസ് ജി 250-ൽ അഭിനയിക്കാൻ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ളവർ സ്വയം പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോയും എഡിറ്റ് ചെയ്യാത്ത ഫോട്ടോയും നൽകിക്കൊണ്ട് ഓഡിഷനിൽ പങ്കെടുക്കണമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുന്നു.















