കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അറസ്റ്റ് വാറണ്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ വാറണ്ടാണ് സ്റ്റേ ചെയ്തത്.
കൊല്ലം എസ്.എൻ ട്രെയിനിംഗ് കോളജിലെ അസോയിയേറ്റ് പ്രൊഫസർ ഡോ. ആർ. പ്രവീണുമായി ബന്ധപ്പെട്ട കേസിലാണ് അപ്പലേറ്റ് ട്രിബ്യൂണൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രവീണിനെതിരായ കുറ്റാരോപണ മെമ്മോയും, സസ്പെഷൻ ഉത്തരവും മറ്റ് ശിക്ഷാനടപടികളും റദ്ദാക്കി തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ നേരത്തെ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചായിരുന്നു വാറണ്ട്.
ഇതിനെതിരെ വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ബഞ്ച് സ്റ്റേ അനുവദിച്ചത്. ശിക്ഷാ നടപടികൾക്ക് എതിരായ അപ്പീൽ പരിഗണിക്കാൻ ട്രിബ്യൂണലിന് അധികാരമില്ലെന്നും, ഉത്തരവ് അസാധുവാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വാദം.